Monday, October 22, 2012

കഥ പറഞ്ഞ് മനം നിറച്ച ബേക്കൽ

പണ്ടൊരിക്കൽ പാതിയിലുപേക്ഷിക്കേണ്ടി വന്ന യാത്ര വീണ്ടും തുടങ്ങിയതായിരുന്നു ഞങ്ങൾ. അന്ന് വടക്കൻ കേരളത്തിലെ എല്ലാ കടൽത്തീരങ്ങളും തൊട്ടുള്ള യാത്രയുടെ പത്താം മണിക്കൂറിലാണ് ഞാനും കൂട്ടുകാരി ശ്യാമയും ബേക്കലിൽ എത്തിയത്. പക്ഷേ, വൈകിട്ട് ആറുമണിയെന്ന സമയനിബന്ധന ഞങ്ങളെ കോട്ടയുടെ മനോഹാരിതയ്ക്കു പുറത്തു നിറുത്തി. സന്ധ്യയ്ക്ക് കോട്ടയിലേക്ക് നോക്കി നെടുവീർപ്പിട്ട്, കടൽത്തീരത്ത് കാൽ നനച്ച് ഞങ്ങൾ മടങ്ങി. കാത്തിരിക്കൂ ബേക്കൽ, നിന്റെ സൗന്ദര്യം കാണാൻ ഞങ്ങൾ വീണ്ടും വരുമെന്ന് വാക്കുകൊടുത്തായിരുന്നു മടക്കം.
ആറുമാസത്തിനുള്ളിൽ സ്റ്റഡിമെറ്റീരിയൽസ് തപ്പി ഡൽഹിയിൽ നിന്നുള്ള കൂട്ടുകാരിയുടെ വരവിന് ചെമ്മണ്ണ് നിറമുള്ള ബേക്കൽ കോട്ടയെന്ന മോഹമുണ്ടായിരുന്നു. പിറ്റേദിവസം രാവിലെയുള്ള ട്രെയിനിൽ കാഞ്ഞങ്ങാട്ടേക്ക് പോകാൻ ആലോചിക്കുന്പോൾ പുറത്ത് മഴ സംഗീതം തീർക്കുന്നുണ്ടായിരുന്നു. ചിങ്ങത്തിലെ അവസാന നാൾ മഴപെയ്യില്ല എന്നു മനസ്സിനെ വിശ്വസിപ്പിച്ചും ഇനി പെയ്താലും യാത്രയ്ക്ക് കോട്ടം തട്ടാത്തവിധം ഏറ്റവും ചുരുങ്ങിയ വസ്തുക്കളുമായി യാത്ര തുടങ്ങാം എന്നും ഞങ്ങൾ ഉറപ്പിച്ചു.
ചെന്നൈ-മംഗലാപുരം മെയിൽ വടകര സ്റ്റേഷനിലെത്താൻ അരമണിക്കൂർ വൈകി, ഒന്പതു മണി കഴിഞ്ഞിരുന്നു. ജനറൽ കംപാർട്ടുമെന്റിലെ മേലെ ബർത്തിൽ സഹയാത്രികരെ പഠിച്ചും നടത്തേണ്ട യാത്രകളെക്കുറിച്ച് സ്വപ്നം കണ്ടും പരദൂഷണം പറഞ്ഞും രണ്ടര മണിക്കൂർ കൊണ്ട് ഞങ്ങൾ കാഞ്ഞങ്ങാട്ടെത്തി. രണ്ടരയുടെയോ മൂന്നരയുടെയോ ട്രെയിനിൽ തിരിച്ചു പോകാമെന്ന് ഉറപ്പിച്ച് ബേക്കലിലേക്ക് തിരിച്ചു. കാഞ്ഞങ്ങാട്ടു നിന്ന് കാസർകോഡ് ബസിൽ ബേക്കലിലേക്ക്. ശ്രീ മുഖ്യപ്രാണാക്ഷേത്രം എന്ന് പേരെഴുതിയ കമാനത്തിനു താഴെ ബസിറങ്ങുന്പോൾ ഞാനും ശ്യാമയും പരസ്പരം നോക്കി ചിരിച്ചു. ആറുമാസം മുന്പ് ഇതേ വഴിയിലൂടെ സങ്കടപ്പെട്ട് ഞങ്ങൾ തിരിച്ചു നടന്നിരുന്നു.
മുന്നിൽ 40ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ കോട്ട. പുറത്ത് ഇത്രയും സുന്ദരിയെങ്കിൽ അകത്ത് എന്താവും കാത്തിരിക്കുന്നതെന്ന ആശ്ചര്യത്തോടെ ഞങ്ങളിരുവരും മാറിമാറി കാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു. ഞങ്ങളുടെ പുറകിൽ അതിമനോഹരിയായി ബേക്കലിന്റെ ഒരു വശവും. അകത്തോട്ട് കയറുന്പോൾ ആളുകൾ കൂട്ടമായി ഇറങ്ങി വരുന്നതു കണ്ടു. ഉച്ചസമയമായതു കൊണ്ടു ഊണ് കഴിക്കാനായി ജീവനക്കാർ എല്ലാവരെയും ഇറക്കി വിടുകയാണോ എന്ന് സംശയിച്ചു. സഞ്ചാരികളിലെരാളോട് സംശയ നിവൃത്തി വരുത്തി ഞങ്ങൾ നടത്തത്തിന്റെ ആക്കം കൂട്ടി. കോട്ടയ്ക്കുള്ളിലെ ഹനുമാൻ ക്ഷേത്രത്തിലേക്ക് പുറത്തു നിന്ന് എത്തിനോക്കി, വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ഞങ്ങൾ ടിക്കറ്റ് കൗണ്ടർ ലക്ഷ്യമാക്കിയോടി. രണ്ടുപേർക്കും കാമറയ്ക്കും കൂടി 35 രൂപ. അന്ന് ഇറക്കിവിട്ടവരുടെ കയ്യിൽ നിന്ന് ടിക്കറ്റ് വാങ്ങി വിജയശ്രീ ലാളിതരായി വീണ്ടും ഫോട്ടോയെടുപ്പ്. കാലെടുത്തു വച്ചത് ഒരു പൂന്തോട്ടത്തിനു നടുവിലേക്ക്. അവിടെ കുട്ടിക്കാലത്തെപ്പോഴോ കണ്ടു മറന്ന പൂന്പാറ്റകൾ വട്ടമിട്ടു പറക്കുന്ന കുറേ വർണ്ണപ്പൂക്കൾ! വെട്ടിയൊതുക്കി വച്ച ചെടികൾക്ക് നടുവിലൂടെയുള്ള പാതയിലൂടെ ഞങ്ങൾ കോട്ടയ്ക്കകം ചുറ്റിക്കാണാൻ തുടങ്ങി.
മറ്റേതൊരു കോട്ടയേയും പോലെ ബേക്കൽ കോട്ടയ്ക്കും പറയാനുണ്ട് ഒരുപാടു നൂറ്റാണ്ടുകളുടെ ചരിത്രം, പല രാജാക്കന്മാരുടെയും അവരുടെ യുദ്ധങ്ങളുടെയും കഥ. ചരിത്ര പുസ്തകത്തിൽ എ.ഡി 1650ൽ കർണ്ണാടകയിലെ ബെഡ്നോർ രാജവംശത്തിലെ ശിവപ്പ നായിക് ആണ് ബേക്കൽ നിർമ്മിച്ചത് എന്നാണ് പറയുന്നത്. പ്രാദേശികർക്കിടയിൽ ഇക്കേരി നായിക് എന്നും ഈ രാജാവ് അറിയപ്പെടുന്നു. എന്നാൽ, അതിനും മുന്പേ ബേക്കൽ നിലനിന്നിരുന്നു എന്ന് കേരള ചരിത്രം പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളിൽ പറയുന്നുമുണ്ട്. ബേക്കൽ അടങ്ങുന്ന വടക്കൻ കേരളം ചിറയ്ക്കൽ രാജവംശത്തിന്റ അധാശത്വത്തിലായിരുന്നു. മലബാറിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു അക്കാലത്ത് ബേക്കൽ. കൊട്ടാരങ്ങൾക്ക് കോട്ട സംരക്ഷണം തീർക്കുന്ന കാലമായിരുന്നതിനാൽ അന്നേ ഈ കോട്ടയുണ്ടായിരിക്കാം എന്നാണ് കരുതുന്നത്. ചിറയ്ക്കൽ വംശത്തിലെ മൂന്നാം പിന്തുടർച്ചക്കാർ വെക്കോലത്ത് കോട്ടയുടെ ഭരണാധികാരികളായിരുന്നു. ഈ വെക്കോലത്താണ് ഇന്നത്തെ ബേക്കൽ എന്നും ചില ചരിത്രകാരന്മാർ പറയുന്നു. ശിവപ്പ നായിക്ക ഭരണം പിടിച്ചെടുത്തപ്പോൾ ഇപ്പോൾ കാണുന്ന രീതിയിലേക്ക് കോട്ട പുതുക്കി പണിതതാവാം എന്നാണ് അവരുടെ നിഗമനം. പിന്നീട് ഇവരുടെ കയ്യിൽ നിന്ന് രാജ്യത്തോടൊപ്പം കോട്ടയും മൈസൂർ രാജാക്കന്മാരുടെ കയ്യിലായി.
ഇന്ത്യയിലെ മറ്റു കോട്ടകളെ പോലെ ബേക്കൽ ഒരു കൊട്ടാരമോ ഭരണാസിരാ കേന്ദ്രമോ ആയിരുന്നില്ല. ഇത് പടയൊരുക്കത്തിനായി മാത്രമുള്ള കോട്ടയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഓരോ കോട്ടയിലും വ്യത്യസ്ത അകലങ്ങളിൽ കിളിവാതിൽ പോലുള്ള ദ്വാരങ്ങൾ ശത്രുക്കളെ നേരിടാനായി നിർമ്മിച്ചതാണത്രേ! മലബാർ പിടിച്ചടക്കാൻ പടയൊരുക്കം തുടങ്ങിയപ്പോൾ ടിപ്പുസുൽത്താന്റെ പ്രധാന സേനാകേന്ദ്രങ്ങളിൽ ഒന്നായിരുന്നു ബേക്കൽ കോട്ട. ടിപ്പുവിന്റെ മരണത്തോടെ കോട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കന്പനിയുടേതായി. സേനാകേന്ദ്രം എന്നതിൽ നിന്ന് ഭരണസിരാകേന്ദ്രമായി ബേക്കൽ മാറിയത് ഈ കാലഘട്ടത്തിലാണ്. പണ്ട് ശത്രുക്കൾക്കായി പടയാളികൾ ജാഗ്രതയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന പഴുതുകളിലൂടെയാണ് ഇന്ന് സഞ്ചാരികൾ പ്രകൃതിയെ ആസ്വദിക്കുന്നത്. ഇത്രയും മനോഹരമായ ചിത്രം പ്രകൃതി വരയ്ക്കുന്പോൾ അത് ശ്രദ്ധിക്കാതെ ശത്രുക്കൾക്ക് നേരെ അന്പ് തൊടുത്തവർ എത്ര കഠിനഹൃദയരായിരിക്കും!.
പ്രവേശന കവാടത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആദ്യത്തെ കോട്ടകൊത്തളത്തിലേക്ക് നടന്നു. അവിടെ നിന്നാൽ ബേക്കലിന്റെയും കാഞ്ഞങ്ങാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളും കാണാൻ സാധിക്കും. കൊത്തളയ്ക്ക് മുകളിൽ നിന്ന് നോക്കിയ ഞങ്ങൾ ഒരേസ്വരത്തിൽ പറഞ്ഞു. 'താഴേക്ക് ചാടാൻ തോന്നുന്നു'. പച്ചപ്പരവതാനി വിരിച്ച പോലെയെന്ന സാഹിത്യഭാഷയ്ക്ക് പോലും വർണ്ണിക്കാനാവാത്ത പച്ചപ്പ്. പുൽനാന്പുകളിൽ തഴുകിത്തലോടുന്ന ഇളംകാറ്റ് ആ പരവതാനിയുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നുണ്ടായിരുന്നു. കാമറയ്ക്ക് ഒരിക്കലും പ്രകൃതിയുടെ ആ മനോഹാരിത പൂർണ്ണമായി ഒപ്പിയെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. വേനൽക്കാലത്ത് ആ സന്ദർശനം നടക്കാതിരുന്നത് ഒരുപക്ഷേ, ഈ സൗന്ദര്യം കാട്ടിത്തരാനായിരിക്കാം. സന്ധ്യയിൽ ബേക്കൽകോട്ടയുടെ സൗന്ദര്യം എന്താണെന്നു കാണാൻ ആറുമണി വരെ നിന്നാലോ എന്ന് ശ്യാമ ചോദിച്ചു. മൂന്നരയുടെ ട്രെയിൻ എന്ന പദ്ധതി എങ്ങനെ ഉപേക്ഷിക്കാം എന്നതായി അടുത്ത ആലോചന. രാത്രിക്ക് മുന്പേ വീടെത്തണമെന്ന ചിന്തയുള്ളതിനാൽ അടുത്ത ട്രെയിൻ ഏതൊക്കെയാണെന്ന് അന്വേഷിച്ചു തുടങ്ങി ഞങ്ങൽ. മൂന്നര കഴിഞ്ഞാൽ അടുത്ത ട്രെയിൻ സന്ധ്യ കഴിഞ്ഞേയുള്ളൂവെന്ന അറിവ് ഞങ്ങളെ നിരാശരാക്കി. മഴ പെയ്യരുതേയെന്ന് തലേദിവസം പ്രാർത്ഥിച്ചതു മറന്ന് ഒരു മഴയ്ക്കായി ഞങ്ങൾ കൊതിച്ചു.
ആദ്യത്തേതിൽ നിന്ന് അടുത്ത കോട്ടവാതിൽ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ചെങ്കല്ല് എന്ന് ഞങ്ങൾ കരുതിയത് കൊത്തിയെടുത്ത കറുത്ത കല്ലായിരുന്നു. കോട്ട കെട്ടാനായി മൈസൂരിൽ നിന്ന് വരുത്തിച്ചതാണത്രേ ആ കല്ലുകൾ. 362 വർഷത്തെ മഴയും വെയിലും മഞ്ഞുമേറ്റതു കൊണ്ടാവാം അത് ഒന്നുകൂടി ഇരുണ്ടു തുടങ്ങിയിരുന്നു. കാലം മാറുന്നതിനനുസരിച്ച് തളിർത്തും കരിഞ്ഞും വളരുന്ന പുൽനാന്പുകൾ ഇത് ഞങ്ങളുടെ വീടെന്ന മട്ടിൽ ആ കോട്ടഭിത്തിയെ അള്ളിപ്പിടിച്ചിരിപ്പുണ്ടായിരുന്നു.
രണ്ടാംകോട്ടയുടെ പടിക്കെട്ടിലിരുന്ന് ഞങ്ങൾ കണ്ണെത്താ ദൂരത്തോളമുള്ള കോട്ടയുടെ സൗന്ദര്യം നോക്കിക്കണ്ടു. ഉച്ചയ്ക്ക് വീശുന്ന കാറ്റിന് ഇത്രയും കുളിരുണ്ടെന്ന് മുന്പെങ്ങും എനിക്ക് തോന്നിയിട്ടുണ്ടായിരുന്നില്ല. കോട്ടയുടെ കിളിവാതിൽ പഴുതിലൂടെ ദൂരെ കടലിന്റെ കൊതിപ്പിക്കുന്ന മനോഹാരിത! കടൽ പോലെ തോന്നിക്കുന്ന ചക്രവാളം. നോക്കിക്കൊണ്ടിരിക്കെ കടൽ ഇരുണ്ടു വരുന്നുണ്ടായിരുന്നു. ഞങ്ങൾ കൊതിച്ചതു പോലെ ഒന്നുരണ്ടു തുള്ളിയായി മഴ ഭൂമിയിലേക്ക് പെയ്തിറങ്ങി. കുടയ്ക്ക് ഒന്നു നിവർന്ന് നിൽക്കാൻ പോലും പറ്റാത്ത വിധം പെരുമഴയും കാറ്റും. ഞങ്ങളുടെ മനസ്സിൽ സന്തോഷം നിറച്ച് അഞ്ചു മിനിട്ട് ആ മഴ നീണ്ടുനിന്നു. കുടയില്ലാത്തവർ കോട്ടയുടെ മതിലിനോടു പറ്റിച്ചേർന്നു നിന്നു. മഴ പെയ്തു തീർന്നപ്പോൾ ഒട്ടും നനയാതെ അവർ ഇറങ്ങി നടന്നു. ഞങ്ങൾ കുട പിടിച്ചു നിന്നിടം മാത്രം മഴവെള്ളം. മതിലിനോടു ചേർന്ന ഭാഗം അപ്പോഴവിടെ മഴ പെയ്തിരുന്നോ എന്ന് സംശയിപ്പിക്കത്തക്ക വിധം ഉണങ്ങിക്കിടക്കുന്നു!
കോട്ടയെ ചുറ്റിയുള്ള ഞങ്ങളുടെ യാത്ര തുടർന്നു. ഞങ്ങൾക്കൊപ്പം വളർന്നു നിൽക്കുന്ന പുൽച്ചെടികൾക്കിടയിലൂടെ താഴേക്ക്. വഴിയിൽ ഭൂമിക്കടിയിലേക്ക് കുറേ പടിക്കെട്ടുകൾ കണ്ടു. അറബിക്കടലിലേക്ക് തുറക്കുന്ന തുരങ്കത്തിലേക്കുള്ള വഴിയാണത്. മേൽഭാഗം ഇരുന്പുചട്ട വച്ചടച്ച്, ഒന്നിറങ്ങി നോക്കാമെന്നുള്ള കൊതി അധികൃതർ ഇല്ലാതാക്കിയിരിക്കുന്നു. 'പണ്ട് കുറ്റം ചെയ്യുന്നവരെ ഈ വഴിയിലൂടെ കൊണ്ടുപോയി കടലിൽ തള്ളി കൊല്ലാറുണ്ടായിരുന്നു' എന്ന് ഒരു അമ്മൂമ്മ കൂടെയുള്ളവരോടു പറയുന്നതു കേട്ടു. എന്നാൽ, കോട്ടയുടെ തെക്കേ അറ്റത്തായി നിലനിന്നിരുന്ന അതിനകത്ത് ഒരു ശ്‌മശാനമായിരുന്നുവെന്ന് പിന്നീടു കണ്ടുമുട്ടിയ ബേക്കലുകാരനായ ബഷീർ പറഞ്ഞു തന്നു. ശവം ദഹിപ്പിക്കാനുള്ളയിടത്തിനടുത്തായി ഒരു മരം നിന്നിരുന്നതായി അദ്ദേഹം ഓർത്തെടുത്തു. ഭൂമിക്കടിയിൽ ഒരു മരം! ശവം ദഹിപ്പിക്കാൻ സ്വന്തമായി സ്ഥലമില്ലാതിരുന്ന നാട്ടുകാർ ഒരു മുപ്പതു വർഷം മുന്പു വരെ ആ ഇടം പ്രയോജനപ്പെടുത്തിയിരുന്നു. കോട്ട ആർക്കിയോളജി വകുപ്പ് ഏറ്റെടുത്തതിനു ശേഷമാണ് ആ ഏർപ്പാട് നിറുത്തലാക്കിയത്. പണ്ടുകാലത്തെ ആയുധപ്പുരയായിരുന്നുവെന്ന് പറയപ്പെടുന്ന കെട്ടിടവും അവിടെയടുത്തുണ്ടായിരുന്നു. ബ്രിട്ടീഷുകാർ നിർമ്മിച്ച ഔദ്യോഗിക വസതിയോടു ചേർന്നായിരുന്നു അത്.
രസകരമായിരുന്നു കൽപ്പാതയിലൂടെ അടുത്ത കൊത്തളങ്ങളിലേക്കുള്ള നടപ്പ്. ഒരു വശത്ത് ദൂരെ കടലും അരികെ കോട്ടഭിത്തിയും മറുവശത്ത് പച്ചനിറം മൂടിയ മണ്ണും. ദൂരത്തായി മൂന്നാല് തെങ്ങുകൾ. ഈ ഭൂമിയിലെവിടെയോ പണ്ടൊരു ചോരക്കുളമുണ്ടായിരുന്നത്രേ. ടിപ്പു കോട്ട പിടിച്ചടക്കിയപ്പോൾ മുന്പ് ഭരിച്ചിരുന്ന ഭരണാധികാരിയുടെ സുന്ദരിമാരായ രാജ്ഞിമാരും സൈനാധിപന്മാരുടെ പത്നിമാരും മാനം പണയം വയ്ക്കാൻ തയ്യാറാകാതെ തങ്ങളുടെ ജീവൻ കളഞ്ഞ കായലോ കുളമോ ആണ് ചോരക്കുളം എന്നറിയപ്പെട്ടത്. പിന്നീട് അത് മൂടപ്പെട്ടു. ആ കായൽപ്പരപ്പിനു മുകളിൽ ഇപ്പോൾ പച്ചപ്പുല്ല് പടർന്നിരിക്കുകയാണ്. നോക്കിനിൽക്കെ അവയ്ക്ക് നാവു മുളയ്ക്കുമെന്നും തങ്ങളുടെ കഥ പറയുമെന്നും തോന്നി.
നടന്നു ഞങ്ങൾ കോട്ടകളോരോന്ന് പിന്നിട്ടു. ഒരോ 'കിളിവാതിലി'ലൂടെയുമുള്ള കടലിന്റെ ദൃശ്യം വ്യത്യസ്തമായിരുന്നു. അവയിലൂടെ കടൽ ഞങ്ങൾക്ക് അടുത്തടുത്ത് വരികയായിരുന്നു. വളഞ്ഞു പുളഞ്ഞ് പോകുന്ന കൽപ്പാതയിലൂടെ നടന്ന് കടലിനോട് അടുത്ത് കിടക്കുന്ന ഒരു കോട്ടകൊത്തളത്തിലെത്തി. ആ 40 ഏക്കറിൽ ഞങ്ങളിരുവരുടെയും ഏറ്റവും പ്രിയപ്പെട്ട ഇടമായി അതുമാറി.കടൽക്കരയിൽ തിരയോടൊത്ത് കളിക്കുന്നവരെ കാണാൻ പാകത്തിലുള്ള കിളിവാതിലാണ് ഞങ്ങളുടെ മനംകവർന്നത്. അതിലൂടെ കടന്നു വന്ന കാറ്റിന് ബേക്കലിന്റെ മുഴുവൻ സൗന്ദര്യവും ഒളിപ്പിച്ചു വച്ച കുളിർമയുണ്ടായിരുന്നു. പലതവണ തമാശയായി പറഞ്ഞ വാചകം കടമെടുത്തു പറയട്ടെ, ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടമാണ്. മറ്റാർക്കും വിട്ടുകൊടുക്കാതെ അവിടെ ഞങ്ങൾ മാറിമാറി ഇരുന്നു. ഒടുവിൽ വാച്ചിൽ നോക്കി മനസ്സില്ലാ മനസ്സോടെ അവിടെ നിന്ന് ഇറങ്ങി നടന്നു.
ഇടയ്ക്കിടെ ദൂരെ നിന്ന് കേട്ടുകൊണ്ടിരുന്ന വിസിൽ ശബ്ദത്തിന്റെ ഉടമകളെ ഒടുവിൽ ഞങ്ങൾ കണ്ടു. കടൽത്തിരയിലേക്ക് ഓടിപ്പോകുന്നവരെ തിരിച്ചു വിളിക്കുകയായിരുന്നു ലൈഫ്ഗാർഡുമാർ. കടലിലേക്കിറങ്ങുന്ന പടിക്കെട്ടുകളിലൂടെ ഞങ്ങൾ ഒടുവിലത്തെ കോട്ടയിലെത്തി. ഒരുപക്ഷേ, ബേക്കൽ ഒരു തവണ പോലും സന്ദർശിച്ചിട്ടില്ലാത്തവർക്കും പരിചിതമായ ഇടം. ഓരോ കോട്ടയും കാണുന്പോൾ 'ഇതാണോ അത്' എന്ന് ഞങ്ങൾ പരസ്പരം ചോദിച്ച ഇടം. ശേഖർ പ്രണയം നിറഞ്ഞ് തന്റെ ഷൈലാബാനുവിനായി നെഞ്ച് പൊട്ടി പാടി കാത്തിരുന്നത് ഈ കോട്ടയുടെ മുകളിലാണ്. (ബോംബെ സിനിമയിൽ അരവിന്ദ് സ്വാമിയും മനീഷാ കൊയ്‌രാളയും അവതരിപ്പിച്ച കഥാപാത്രങ്ങൾ).തിരക്കേറിയതു കൊണ്ടി അവിടെ അധികസമയം ചെലവഴിക്കാതെ മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. സമയം മൂന്നര. രണ്ടര മണിക്കൂർ നിർത്താതെ എത്രദൂരം ആ കോട്ടയ്ക്കുള്ളിൽ നടന്നു തീർത്തുവെന്ന് അറിയില്ല. ഉച്ചഭക്ഷണം കഴിക്കാതിരുന്നിട്ടു പോലും രണ്ടാൾക്കും വിശപ്പുണ്ടായിരുന്നില്ല.
വന്നപ്പോൾ കണ്ട പൂന്തോട്ടം പിന്നിട്ട് കോട്ടയ്ക്ക് പുറത്തേക്ക് നടന്നു. പുറത്തെത്തി കോട്ടയിലേക്ക് വീണ്ടുമൊന്ന് തിരിഞ്ഞു നോക്കി മനസ്സിൽ പറഞ്ഞു, 'ബേക്കൽ, നീ കാത്തിരിക്കൂ. ഞങ്ങൾ വീണ്ടും വരും'. ഒന്നുറപ്പാണ്, ഉറക്കെ പറഞ്ഞില്ലെങ്കിലും ശ്യമയും മനസ്സിൽ ഓർത്തത് അതു തന്നെയാണെന്ന്. അത്രയേറെ തന്റെ സൗന്ദര്യത്താൽ ബേക്കൽ ഞങ്ങളെ കീഴടക്കിയിരുന്നു...

Saturday, October 20, 2012

മഴ നനഞ്ഞെത്തിയവൾ

ഇന്നലെ പെയ്ത പെരുമഴയിൽ നനയാതിരിക്കാൻ ഒരു കടത്തിണ്ണയിൽ കയറി നിന്നപ്പോഴാണ് ആദ്യമായി അവളെന്റെ കണ്ണിൽപ്പെട്ടത്. മഴയിൽ നനയാതിരിക്കാൻ എന്നപോലെ ഒരു വലിയ പെട്ടി തലയ്ക്കു മേൽ പിടിച്ചിരുന്നു. എന്നിട്ടും, ചുവന്ന മാക്സിയിൽ അവളാകെ നനഞ്ഞു കുതിർന്നിരുന്നു. കടയുടമ തീർത്ത ബന്ധനങ്ങളെ മറികടന്ന് ഒഴിഞ്ഞു കിടന്നിരുന്ന ഒരു പീടികത്തിണ്ണയിലേക്ക് അവൾ നൂണ്ടു കയറി. മടിക്കുത്തിൽ  വച്ചിരുന്ന ഒരു പൊതിക്കെട്ട് പെട്ടിയുടെ ഓരത്തായി വച്ചു. കെട്ടിനുള്ളിലൂടെ കണ്ട വാഴയിലത്തുണ്ടിൽ നിന്ന് അത് അവൾക്കുള്ള ഭക്ഷണമാണെന്ന് ഞാൻ അനുമാനിച്ചു. മഴയെ കൂസാതെ അവൾ കടയിൽ നിന്നും ഇറങ്ങിപ്പോയി. അപ്പോൾ അവളുടെ മടിക്കുത്തിൽ നിന്ന് വീണ നാണയത്തിലായിരുന്നു എന്റെ കണ്ണുകൾ. കുട്ടിയായിരുന്നപ്പോൾ വീണുകിട്ടിയ അന്പത് പൈസയ്ക്ക് മിട്ടായി വാങ്ങിത്തിന്നത് എന്റെ ഓർമ്മയിൽ വന്നു. ആ നാണയമെടുത്ത് അവളുടെ പെട്ടിയുടെ മേൽ വയ്ക്കണോ വേണ്ടയോ എന്ന് ഞാൻ സംശയിച്ചു നിൽക്കെ പൊട്ടിത്തകർന്ന ഒരു കുടയുമായി അവൾ തിരികെയെത്തി. അവൾ വരുന്പോൾ തന്നെ താഴെയുള്ള നാണയം ഞാൻ ചൂണ്ടിക്കാട്ടിക്കൊടുത്തു. 'എന്നുടെ താൻ' അവൾ തലകുലുക്കി. കടവരാന്തയിൽ എന്നോടൊപ്പം കുഞ്ഞുമൊത്ത് നിന്നിരുന്ന ചേച്ചിയോട് അകത്തു കയറി നിൽക്കുന്നോ എന്നവൾ ചോദിച്ചു. ഇല്ലെന്ന് അവർ തലയാട്ടി. മഴയൊന്ന് ശമിച്ചപ്പോൾ കടത്തിണ്ണയിൽ നിന്നവരെല്ലാം ഇറങ്ങി നടന്നു. വാഹനം വരാൻ കാത്തു നിൽക്കെ ഞാൻ മറ്റൊന്നും ചെയ്യാനില്ലാതെ, അറിയാവുന്ന മുറിത്തമിഴിൽ അവളോടു സംസാരിക്കാൻ തുടങ്ങി. മഴയിൽ നനഞ്ഞ വസ്ത്രം മാറട്ടെ എന്ന് പറഞ്ഞ് അവൾ നനയാത്തൊരു വസ്ത്രം കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് കണ്ടു പിടിച്ചു. വസ്ത്രം മാറാൻ എവിടെ പോകും എന്ന് ഞാൻ ചോദിക്കും മുന്പേ അവൾ തറയിൽ ഇരുന്നിരുന്നു. സ്ത്രീശരീരത്തിന്റെ നഗ്നത കൊത്തിവലിക്കാൻ തയ്യാറായി നിൽക്കുന്ന കഴുകൻ കണ്ണുകളെ കുറിച്ച് ഞാൻ ആവലാതിപ്പെടവേ വസ്ത്രം മാറി അവൾ എഴുന്നേറ്റു കഴിഞ്ഞിരുന്നു.
ചിന്നസേലത്തിലാണ് അവളുടെ വീട്. ഭർത്താവും ഒരു ആൺകുട്ടിയുമുണ്ട്. നവരാത്രിയായതു കൊണ്ട് ഭർത്താവ് കരിന്പ് കൃഷിക്ക് പോയി. കുട്ടിയും നാട്ടിലാണ് . രണ്ടു ദിവസം കഴിഞ്ഞേ അവരെത്തൂ. അതുവരെ റോഡരികിലാണ് കിടപ്പ്. മഴയായതു കൊണ്ട് കടത്തിണ്ണയിലേക്ക് വന്നതാണ്. ഇന്ന് വലിയ ശല്യമൊന്നുമില്ലാതെ ഉറങ്ങാം എന്നവൾ പറഞ്ഞു. പാട്ട (തകര) പെറുക്കലാണ് ജോലി. 100 രൂപ മുതൽ 1000 രൂപ വരെ കിട്ടുന്ന ദിവസങ്ങളുണ്ട്. ഒന്നും കിട്ടാത്ത ദിവസങ്ങളുമുണ്ട്. എല്ലാം യോഗം പോലെ. സംസാരം ഞങ്ങൾക്കിടയിലെ അകലം കുറച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരാളെ പരിചയപ്പെടുന്നതിനുള്ള മര്യാദ ഞാൻ ഓർത്തത്. 'ഉന്നുടെ പേരെന്നാ?'. ഒരു നിമിഷം ആലോചിച്ച്, വെറ്റില മുറുക്കി കറ പിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടു അവൾ പറഞ്ഞു, 'രാജകുമാരി'