Friday, October 11, 2013

ആകാശം തൊട്ട് കുംബൽഗട്ട്

ആസ്വദിക്കാൻ നിറയെ ഉണ്ട് ഉദയ്പൂർ എന്ന നഗരത്തിൽ. കൊട്ടാരങ്ങളും തടാകങ്ങളും ക്ഷേത്രങ്ങളും അങ്ങനെ ഒരുപാട്. എന്നാൽ ഈ കണ്ടവയിൽ നിന്നെല്ലാം മനസ്സിനെ നിറയ്ക്കുന്നതെന്തെന്ന് ചോദിച്ചാൽ കുംബൽഗട്ടിനായിരിക്കും എന്റെ മുഴുവൻ മാർക്കും. കഥകളൊരുപാട് പറയാനുണ്ടെങ്കിലും കോട്ട നൽകുന്ന പ്രകൃതിയുടെ മനോഹാരിതയ്ക്കാണ് ഗ്രേസ് മാർക്ക്.
പറഞ്ഞതു പോലെ രാവിലെ കൃത്യം എട്ടരയ്ക്ക് വിജയ് ഞങ്ങളുടെ ഹോട്ടലിനു മുന്നിലെത്തി. ഭക്ഷണം കഴിച്ചോ എന്ന എന്റെ മുറി ഹിന്ദിക്ക് മറുപടിയായി പോകുന്ന വഴി കഴിച്ചോളാം എന്ന് നല്ല ഒഴുക്കൻ ഉത്തരേന്ത്യൻ ഹിന്ദിയിൽ മറുപടി. യാത്ര തുടങ്ങിയപ്പോൾ വഴിയരികിലെ ഒരു ചെറിയ ഹോട്ടലിൽ നിന്ന് മൂന്ന് ദഹിപൂരി വിജയ് വാങ്ങി. രണ്ടെണ്ണം അവനും ഒരെണ്ണം ഞങ്ങൾക്ക് രുചി നോക്കാനും. ഒരു കയ്യിൽ ദഹിപൂരിയും മറുകയ്യിൽ സ്റ്റിയറിംഗുമായി വിജയ് കുംബൽഗട്ടിലേക്ക് ഞങ്ങളുടെ വഴികാട്ടിയായി. ഉദയ്പൂരിൽ ചെന്നാൽ കാണേണ്ടതെന്തൊക്കെയാണെന്ന ലിസ്റ്റിൽ നിന്ന് കുംബൽഗട്ട് കാണാൻ ഒരുദിവസം വേണമെന്നും യാത്രയുടെ രണ്ടാം ദിവസം അതാവാമെന്നും വിജയ് തന്നെയാണ് പറഞ്ഞത്. ഉദയ്പൂർ ശരിക്ക് ആസ്വദിക്കണമെങ്കിൽ ആറു ദിവസം വേണമെന്നാണ് വിജയ്‌യുടെ കണക്ക്. ഞങ്ങളുടെ രണ്ടു ദിവസത്തെ പ്ളാനിൽ ഛത്തോസ്ഗഡ്ഡിനെയും മൺസൂൺ പാലസിനെയുമൊക്കെ ഒഴിവാക്കി കുംബൽഗഡാണ് വിജയ് തിരഞ്ഞെടുത്തത്. കാരണം പോകുന്ന വഴിയിൽ വിജയ്‌യുടെ വാക്കുകളിൽ നിന്ന് മനസ്സിലായി. ആകാശത്ത് നിന്ന് നോക്കിയാൽ ഭൂമിയിൽ കാണുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ചൈനയുടെ വൻമതിൽ. രണ്ടാമത്തെ ആ വൻ സംഭവത്തിലേക്കാണ് ഞങ്ങളുടെ യാത്ര!
ഉദയ്പൂരിലെ പല കൊച്ചുഗ്രാമങ്ങളും പിന്നിട്ടാണ് യാത്ര. വിളഞ്ഞു നിൽക്കുന്ന ഗോതന്പുപാടങ്ങളായിരുന്നു യാത്രയുടെ പ്രധാന ആകർഷണം. ഗോതന്പ് കുഴച്ചുരുട്ടി ചപ്പാത്തിയാക്കുന്ന എനിക്ക് ഗോതന്പു മണികൾ വിളഞ്ഞു വരുന്നത് കാണാനായി എന്നും പറയാം. ഗോതന്പു പാടത്തിന്റെ ഫോട്ടോ വേണമെന്ന് പറഞ്ഞപ്പോൾ വിജയ് നല്ലൊരു പാടം നോക്കി അതിന്റെ ഓരത്ത് വണ്ടി നിർത്തിത്തന്നു. പക്ഷേ, മുള്ളും ചാണകവുമൊക്കെ വേലി ചാടി വേണമായിരുന്നു പാടത്തിലെത്താൻ. അത് വളരെ വിജയപൂർവം ഞങ്ങൾ ചെയ്തു.
കൊച്ചുഗ്രാമങ്ങളിലെ അതിലും കൊച്ചുചന്തകളെ ചിലപ്പോൾ ഞങ്ങൾ മുറിച്ചു കടക്കുന്നുണ്ടായിരുന്നു. ഓരോ ഗ്രാമവും പിന്നിടുന്പോൾ വിജയ് ആ ഗ്രാമത്തിന്റെ പേര് പറഞ്ഞു തന്നു. ഇടയ്ക്ക് സൈക്കിളിൽ പോകുന്ന പെൺവേഷധാരിയായ ഒരു പുരുഷനെ കാട്ടിത്തന്നു. ഹിജഡയാണോ അതെന്നായിരുന്നു ഞങ്ങളുടെ സംശയം. അത് വേഷം കെട്ടിയ ഒരു കലാകാരൻ മാത്രമാണെന്ന് വിജയ് പറഞ്ഞു. പണ്ട്, ടി.വി ഇല്ലാതിരുന്ന കാലത്ത് ജോലി കഴിഞ്ഞെത്തുന്പോൾ ആളുകൾക്ക് കണ്ട് ആസ്വദിക്കാൻ ചില വിനോദപരിപാടികൾ തെരുവിൽ അരങ്ങേറുമായിരുന്നു. ഇപ്പോഴും ഈ ഗ്രാമങ്ങളിൽ അത് തുടർന്നു പോരുന്നുണ്ടെന്നും അത്തരം പരിപാടികൾ അവതരിപ്പിക്കുന്നവർ റോഡരികിൽ ടെന്റ് കെട്ടി താമസിക്കുകയാണ് ചെയ്യാറുള്ളതെന്നും അവൻ കൂട്ടിച്ചേർത്തു. അത്തരം ചില ടെന്റുകൾ കാട്ടിത്തരികയും ചെയ്തു.
യാത്ര ചെയ്യുന്നത് പേരുകേട്ട മരുപ്രദേശമുള്ള രാജസ്ഥാനിലെ ഗ്രാമങ്ങളിലൂടെയാണെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് പ്രയാസമായിരുന്നു. ഞങ്ങൾക്കിരുവശവും മാറി മാറി വന്നു കൊണ്ടിരുന്ന മലമുകളെല്ലാം പച്ചപ്പ്. ചിലയിടങ്ങളിൽ ചെറിയ തടാകങ്ങളും! വർഷത്തിൽ 365 ദിവസവും ഈ മല ഇതേ പോലെ പച്ചപ്പിടിച്ചു കിടക്കുമെന്നും ഈ വർഷം മഴ പെയ്യാത്തതു കൊണ്ടാണ് ചിലയിടങ്ങളിൽ പാറ പോലെ കാണുന്നതെന്നും വിജയ്. മഴ പെയ്താൽ മല മുഴുവൻ ഇളം പച്ച നിറമായിരിക്കുമത്രേ!
പതിനൊന്ന് മണിയോടെ ഞങ്ങൾ കുംബൽഗഡിലെത്തി. 5 രൂപയാണ് ഒരാൾക്ക് അകത്ത് പ്രവേശിക്കാനുള്ള ഫീസ്. താൻ കണ്ടതാണെന്നും അകത്തേക്ക് കയറാൻ താനില്ലെന്നും വിജയ് പറഞ്ഞു. അവനു വണ്ടി പാർക്ക് ചെയ്യാനുള്ള കാശ് നൽകി. അകത്തെ റസ്റ്റോറന്റിൽ കയറി മൂന്നുപേരും ചായകുടിച്ചു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഒരു ഗൈഡിനെ കിട്ടുമോ എന്നായിരുന്നു അന്വേഷണം. ഗൈഡുണ്ടെങ്കിൽ എളുപ്പം പോയി വരാൻ പറ്റുമെന്ന് വിജയ് പറഞ്ഞെങ്കിലും ഗൈഡില്ലാതെ പോകുന്നതാണ് നല്ലതെന്ന് റസ്റ്റോറന്റിൽ പരിചയപ്പെട്ട ദിലീപ്കുമാർ പറഞ്ഞു. കാണാൻ മലയാളിത്തമുള്ള രാജസ്ഥാനിയായിരുന്നു ദിലീപ്കുമാർ. അങ്ങനെ ആ ഉപദേശം ഞങ്ങൾ ഉൾക്കൊണ്ടു. ഗൂഗിളും വിക്കിപീഡിയയുമായിരുന്നു ഗൈഡ്. ഒരു മണിക്കൂർ കൊണ്ട് കോട്ടയ്ക്കകത്ത് കയറിയിറങ്ങാമെന്ന് വിജയ് പറഞ്ഞിരുന്നു. സമയം കണക്കുകൂട്ടി ഞങ്ങൾ, കടൽ നിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്ന  കോട്ട കയറാൻ തുടങ്ങി. 36 കിലോമീറ്റർ നീണ്ടു നിവർന്നു കിടക്കുന്നതാണ് കോട്ടയുടെ ചുറ്റുമതിൽ.
15ാം നൂറ്റാണ്ടിനിടയിൽ എപ്പോഴോ ആണ് മേവാർ രാജവംശത്തിലെ റാണാ കുംബ ഈ കോട്ട പണിയാൻ തുടങ്ങിയത്. ഏഴു കോട്ട വാതിലുകൾ കടന്നു വേണം കോട്ടയ്ക്കുള്ളിലെത്താൻ. കോട്ടയുടെ നിർമ്മാണത്തിനു പിന്നിലുണ്ടൊരു കഥ. ഓരോ കോട്ടവാതിലും കടക്കുന്പോഴും ആ കഥ ഓർമ്മിക്കാം. 1440കളിൽ മഹാറാണ കുംബ ഈ കോട്ട കെട്ടാൻ പലവട്ടം ശ്രമിച്ചുവത്രേ. എന്നാൽ, അദ്ദേഹത്തിന് അത് പൂർത്തിയാക്കാൻ സാധിച്ചില്ല. അങ്ങനെ അദ്ദേഹം നാട്ടിലെ ഒരു പ്രധാന യോഗിയെ സമീപിച്ചു. മനുഷ്യക്കുരുതി കൊണ്ട് തടസ്സങ്ങൾ നീങ്ങുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തല വീഴുന്നിടത്ത് ഒരു ക്ഷേത്രവും ബാക്കി ദേഹം വീഴുന്നിടത്ത് കോട്ടയുടെ വാതിലും പണിയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പ്രതീക്ഷിച്ചതു പോലെ കുരുതിക്ക് തയ്യാറായി ആദ്യം ആരും തന്നെ വന്നില്ല. ഒടുവിൽ ഒരു സന്യാസി (ചിലർ കുംബ രാജാവിന്റെ ഒരു പടയാളിയാണെന്നും പറയുന്നുണ്ട്) കുരുതിക്ക് തയ്യാറായി. കോട്ടയുടെ പ്രധാന വാതിലായ ഹനുമാൻ പോൾ ആണ് അദ്ദേഹത്തിന്റെ ദേഹം വീണയിടം,അവിടെ തന്നെ ഒരു ചെറിയ ക്ഷേത്രവും ഉണ്ട്.
കോട്ടയ്ക്കു മുകളിൽ നിന്ന് താഴേക്ക് നോക്കിയാലുള്ള കാഴ്ച, പ്രകൃതിയുടെ സൗന്ദര്യം വാക്കുകളിൽ വർണ്ണിക്കുക അസാധ്യം! പണ്ട് ഗ്രാമവാസികൾക്കായി കോട്ടയിലെ നെയ്‌വിളക്കുകൾ മുഴുവൻ തെളിയിക്കാറുണ്ടായിരുന്നുവെന്ന നാടൻ പാട്ട് ഇപ്പോഴും നാട്ടുകാർ പാടാറുണ്ടത്രേ! മേവാർ രാജവംശത്തിലെ രാജാക്കന്മാർ ആപത്ഘട്ടങ്ങളിൽ രക്ഷ തേടിയിരുന്നത് ഈ കോട്ടയ്ക്കകത്താണ്. ഉദയ്പൂർ ജനതയുടെ വീരനായകനായ റാണാ പ്രതാപ് സിംഗിന്റെ ജന്മം കോട്ടയ്ക്കകത്തെ കൊട്ടാരത്തിനകത്തായിരുന്നു. അതിനകത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ലെന്നു മാത്രം.
കയറിയിറങ്ങി കാണാൻ കോട്ടയ്ക്കകത്ത് ക്ഷേത്രങ്ങൾ നിറയെയുണ്ട്. 360 ക്ഷേത്രങ്ങൾ,​ അതിൽ 300 എണ്ണവും ജൈനമത വിശ്വാസികളുടേതാണ്. ഓടി നടന്നു കാണുന്നതിനിടയിൽ എത്ര ക്ഷേത്രങ്ങൾ ഞങ്ങൾ കണ്ടു എന്ന് എണ്ണാൻ കഴിഞ്ഞില്ല. എന്നാൽ കോട്ടയിറങ്ങി വരവേ ഒരമ്മൂമ്മ ഞങ്ങളെ ഒരന്പലത്തിനകത്തേക്ക് കയറ്റി. അവർ ആ ക്ഷേത്രത്തിലെ പൂജാരിയാണ്. മക്കളും കൊച്ചുമക്കളുമൊക്കെ പുറത്തെ ഗ്രാമത്തിലുണ്ട്. ഭർത്താവ് മരിച്ചപ്പോൾ ദേവി മായുടെ ദാസിയായി വരികയായിരുന്നു എന്ന് അവർ ഞങ്ങളോടു പറഞ്ഞു. ഞങ്ങളുടെ കയ്യിലുള്ള കുട അവർക്ക് ഒരു അത്ഭുതമായിരുന്നു!. ആ നാട്ടിൽ കുട അപൂർവമാണെന്നും ഉള്ളത് തന്നെ നീളൻ കാലുള്ളവയാണെന്നും അവർ പറഞ്ഞു.അവരോട് യാത്ര പറഞ്ഞ് കോട്ടയിറങ്ങി. രണ്ടു മണിക്കൂർ പോര കുംബൽഗട്ടിനെ മുഴുവൻ ആസ്വദിക്കാൻ. പക്ഷേ,​ ഇടയ്ക്ക് മറ്റൊരു യാത്ര കൂടി പ്ളാൻ ചെയ്തിരുന്നതിനാൽ കുംബൽഗട്ടിനോട് യാത്ര പറയുകയേ ഞങ്ങൾക്ക് നിർവാഹമുണ്ടായുള്ളൂ.