Saturday, October 20, 2012

മഴ നനഞ്ഞെത്തിയവൾ

ഇന്നലെ പെയ്ത പെരുമഴയിൽ നനയാതിരിക്കാൻ ഒരു കടത്തിണ്ണയിൽ കയറി നിന്നപ്പോഴാണ് ആദ്യമായി അവളെന്റെ കണ്ണിൽപ്പെട്ടത്. മഴയിൽ നനയാതിരിക്കാൻ എന്നപോലെ ഒരു വലിയ പെട്ടി തലയ്ക്കു മേൽ പിടിച്ചിരുന്നു. എന്നിട്ടും, ചുവന്ന മാക്സിയിൽ അവളാകെ നനഞ്ഞു കുതിർന്നിരുന്നു. കടയുടമ തീർത്ത ബന്ധനങ്ങളെ മറികടന്ന് ഒഴിഞ്ഞു കിടന്നിരുന്ന ഒരു പീടികത്തിണ്ണയിലേക്ക് അവൾ നൂണ്ടു കയറി. മടിക്കുത്തിൽ  വച്ചിരുന്ന ഒരു പൊതിക്കെട്ട് പെട്ടിയുടെ ഓരത്തായി വച്ചു. കെട്ടിനുള്ളിലൂടെ കണ്ട വാഴയിലത്തുണ്ടിൽ നിന്ന് അത് അവൾക്കുള്ള ഭക്ഷണമാണെന്ന് ഞാൻ അനുമാനിച്ചു. മഴയെ കൂസാതെ അവൾ കടയിൽ നിന്നും ഇറങ്ങിപ്പോയി. അപ്പോൾ അവളുടെ മടിക്കുത്തിൽ നിന്ന് വീണ നാണയത്തിലായിരുന്നു എന്റെ കണ്ണുകൾ. കുട്ടിയായിരുന്നപ്പോൾ വീണുകിട്ടിയ അന്പത് പൈസയ്ക്ക് മിട്ടായി വാങ്ങിത്തിന്നത് എന്റെ ഓർമ്മയിൽ വന്നു. ആ നാണയമെടുത്ത് അവളുടെ പെട്ടിയുടെ മേൽ വയ്ക്കണോ വേണ്ടയോ എന്ന് ഞാൻ സംശയിച്ചു നിൽക്കെ പൊട്ടിത്തകർന്ന ഒരു കുടയുമായി അവൾ തിരികെയെത്തി. അവൾ വരുന്പോൾ തന്നെ താഴെയുള്ള നാണയം ഞാൻ ചൂണ്ടിക്കാട്ടിക്കൊടുത്തു. 'എന്നുടെ താൻ' അവൾ തലകുലുക്കി. കടവരാന്തയിൽ എന്നോടൊപ്പം കുഞ്ഞുമൊത്ത് നിന്നിരുന്ന ചേച്ചിയോട് അകത്തു കയറി നിൽക്കുന്നോ എന്നവൾ ചോദിച്ചു. ഇല്ലെന്ന് അവർ തലയാട്ടി. മഴയൊന്ന് ശമിച്ചപ്പോൾ കടത്തിണ്ണയിൽ നിന്നവരെല്ലാം ഇറങ്ങി നടന്നു. വാഹനം വരാൻ കാത്തു നിൽക്കെ ഞാൻ മറ്റൊന്നും ചെയ്യാനില്ലാതെ, അറിയാവുന്ന മുറിത്തമിഴിൽ അവളോടു സംസാരിക്കാൻ തുടങ്ങി. മഴയിൽ നനഞ്ഞ വസ്ത്രം മാറട്ടെ എന്ന് പറഞ്ഞ് അവൾ നനയാത്തൊരു വസ്ത്രം കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് കണ്ടു പിടിച്ചു. വസ്ത്രം മാറാൻ എവിടെ പോകും എന്ന് ഞാൻ ചോദിക്കും മുന്പേ അവൾ തറയിൽ ഇരുന്നിരുന്നു. സ്ത്രീശരീരത്തിന്റെ നഗ്നത കൊത്തിവലിക്കാൻ തയ്യാറായി നിൽക്കുന്ന കഴുകൻ കണ്ണുകളെ കുറിച്ച് ഞാൻ ആവലാതിപ്പെടവേ വസ്ത്രം മാറി അവൾ എഴുന്നേറ്റു കഴിഞ്ഞിരുന്നു.
ചിന്നസേലത്തിലാണ് അവളുടെ വീട്. ഭർത്താവും ഒരു ആൺകുട്ടിയുമുണ്ട്. നവരാത്രിയായതു കൊണ്ട് ഭർത്താവ് കരിന്പ് കൃഷിക്ക് പോയി. കുട്ടിയും നാട്ടിലാണ് . രണ്ടു ദിവസം കഴിഞ്ഞേ അവരെത്തൂ. അതുവരെ റോഡരികിലാണ് കിടപ്പ്. മഴയായതു കൊണ്ട് കടത്തിണ്ണയിലേക്ക് വന്നതാണ്. ഇന്ന് വലിയ ശല്യമൊന്നുമില്ലാതെ ഉറങ്ങാം എന്നവൾ പറഞ്ഞു. പാട്ട (തകര) പെറുക്കലാണ് ജോലി. 100 രൂപ മുതൽ 1000 രൂപ വരെ കിട്ടുന്ന ദിവസങ്ങളുണ്ട്. ഒന്നും കിട്ടാത്ത ദിവസങ്ങളുമുണ്ട്. എല്ലാം യോഗം പോലെ. സംസാരം ഞങ്ങൾക്കിടയിലെ അകലം കുറച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരാളെ പരിചയപ്പെടുന്നതിനുള്ള മര്യാദ ഞാൻ ഓർത്തത്. 'ഉന്നുടെ പേരെന്നാ?'. ഒരു നിമിഷം ആലോചിച്ച്, വെറ്റില മുറുക്കി കറ പിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടു അവൾ പറഞ്ഞു, 'രാജകുമാരി'

Wednesday, July 27, 2011

കാലം വരുത്തിയ മാറ്റം

'എന്തില്‍ നിന്നും ഒളിച്ചോടാം. പക്ഷേ, സൌഹൃദത്തില്‍ നിന്നൊരിക്കലും പറ്റില്ല'. അങ്ങനെ വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. സുഹൃത്തുക്കളുടെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും കഥകള്‍ക്കുമായി വിട്ടുകൊടുത്ത ദിവസങ്ങള്‍. ഭക്ഷണം പോലും ഉപേക്ഷിച്ച് പരദൂഷണത്തിനായി മൊബൈല്‍ഫോണ്‍ ചൂടുപിടിപ്പിച്ച മണിക്കൂറുകള്‍. 'ഇങ്ങനെ പോയാല്‍ നിനക്ക് വല്ല ക്യാന്‍സറും പിടിക്കു'മെന്ന വീട്ടുകാരുടെ പ്രാക്ക് കേട്ടിട്ടും കേള്‍ക്കാത്ത മട്ട് നടിച്ച് "ങാ! എന്നിട്ട്"എന്ന് മറുതലയ്ക്കലുള്ള സുഹൃത്തിനോട് ഉദ്വേഗപൂര്‍വ്വം തിരക്കിയ നിമിഷങ്ങള്‍.
    സൌഹൃദത്തില്‍ നിന്നും ഒളിച്ചോടാമെന്ന് ഇപ്പോള്‍ ഞാനും പഠിച്ചിരിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം കുവൈറ്റില്‍ നിന്നും വിളിച്ച എന്റെ പ്രിയസുഹൃത്തിനോട് 'ജോലിത്തിരക്കാണ്, പിന്നെ വിളിക്കാമോ' എന്ന് ആദ്യമായി ചോദിച്ച ദിവസം... അത് അവളെ എത്രമാത്രം വിഷമിപ്പിച്ചു എന്ന് എനിക്കറിയാം. കാരണം അതുരുവിടാന്‍ ഞാനത്രയേറെ വിഷമിച്ചിരുന്നു. പക്ഷേ, ഇന്ന് ഏത് സുഹൃത്തിനോടും കസ്റ്റമര്‍ കെയര്‍ സെന്ററിലെ പെണ്‍കുട്ടി മനസ്സില്‍ തട്ടാതെ പറയുന്നതു പോലെ എനിക്ക് ആ വാചകം ഉരുവിടാം.. 'അല്പം തിരക്കാണ്. കുറച്ചു കഴിഞ്ഞു വിളിക്കൂ?' ഇന്നലെയും ഞാനത് ആവര്‍ത്തിച്ചിരിക്കുന്നു.
    ഒരു ദിവസം ഒരു മെസ്സേജോ ഫോണ്‍വിളിയോ കണ്ടില്ലെങ്കില്‍ മനസ്സ് നൊന്തിരുന്ന സൌഹൃദങ്ങളുണ്ടായിരുന്നു. ഇന്ന് അവരെക്കുറിച്ച് ഓര്‍ക്കുന്നതു തന്നെ അപൂര്‍വ്വം. ശബ്ദം കേട്ടില്ലെങ്കിലും ഓരോ അരമണിക്കൂറിലും ചെന്ന് കോളോ മെസേജോ വന്നോയെന്ന് കുത്തിനോക്കുന്ന ശീലം ഞാന്‍ എന്നേ കൈവിട്ടു. നിര്‍ത്താതെ സംസാരിക്കാന്‍ ആയിരം വിഷയങ്ങളുണ്ടായിരുന്നു എന്ന് അത്ഭുതമായി മാറി!
    പ്രിയ സ്നേഹിതരേ, നിങ്ങളെ അകറ്റുന്നതല്ല. ഞാന്‍ സ്വയം അകലുന്നതാണ്. ഈ ലോകത്തില്‍ ജീവിച്ചു പോകാന്‍ അത്യാവശ്യം ചില നമ്പറുകള്‍ പഠിക്കാന്‍ വേണ്ടി മാത്രം. നിങ്ങളെ ഞാന്‍ അത്രയേറെ സ്നേഹിക്കുന്നു. സദയം ക്ഷമിക്കുക.

Sunday, May 29, 2011

ദൈവമേ കാക്കണേ ഈ കണ്മണിയെ...

തളര്‍ന്നു കിടക്കുന്ന അവനെ കാണുമ്പോള്‍ കരള്‍ കൊത്തിപ്പിളര്‍ക്കുന്ന വേദനയാണ്  മനസ്സില്‍. ഉള്ളുരുകി ഞാന്‍ പ്രാര്‍ഥിച്ചു, ദൈവമേ ക്രൂരത കാട്ടരുതേ..  ഉള്ളില്‍ നിറഞ്ഞ ആ സുന്ദര മുഖം നോക്കി തേങ്ങി ദൈവമേ  അവനെയൊന്ന് എഴുന്നേല്‍പ്പിച്ചിരുന്നെങ്കില്‍.......

തിരുവനന്തപുരം: ഫെബ്രുവരി 17, രാവിലെ 9.15. എന്നത്തെയും പോലെ അന്നും ഉമ്മ സജിനിയ്ക്ക് മുത്തം നല്‍കി പോയതാണ് കുഞ്ഞ് ഇര്‍ഫാന്‍ സ്കൂളിലേക്ക്. കൂട്ടുകാരുമൊത്ത് ആടിയും പാടിയും പോയ സ്കൂള്‍ വാന്‍ പാര്‍വതീ പുത്തനാറില്‍ മറിഞ്ഞത് വീട്ടില്‍ നിന്നും പുറപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍. വാനിലുണ്ടായിരുന്ന ആറു കുട്ടികളെയും അവരെ ജീവനു തുല്യം സ്നേഹിച്ച ആയയേയും മരണത്തിലേക്ക് കൂട്ടിയ ദൈവം ജീവനു വേണ്ടിയുള്ള ഇര്‍ഫാന്റെ പിടച്ചില്‍ കണ്ടു. ബാപ്പ ഷാജഹാന്റെയും ഉമ്മ സജിനിയുടെയും കണ്ണീര്‍ കണ്ടു.
 കരിക്കകം ദുരന്തം നടന്നിട്ട് ഇന്നേയ്ക്ക് 100 ദിവസം. കരിക്കകം പാര്‍വ്വതി പുത്തനാറിനു സമീപം ഷാജഹാന്റെ സഹോദരന്റെ വീട്ടില്‍ അടച്ചിട്ട മുറിക്കുള്ളില്‍ ഇര്‍ഫാന്‍ ഉണ്ട്. അവന്റെ തുറന്നുവച്ച കണ്ണുകള്‍ക്ക് മുന്നില്‍ കാഴ്ച്ചകളില്ല. പ്രിയപ്പെട്ട ഉമ്മച്ചിയേയോ ബാപ്പച്ചിയേയോ തിരിച്ചറിയില്ല. ഉമ്മച്ചിയുമ്മയുടെ മുത്തേ വിളി അവന്‍ കേള്‍ക്കാറില്ല. വാപ്പുപ്പയുടെ പുറകേയോടാന്‍ അവന്റെ കൈകാലുകള്‍ ചലിക്കാറില്ല. കളിചിരികളോ കൊഞ്ചലോ ഇല്ലാതെ ജീവച്ഛവമാണിന്ന് ഈ കുരുന്ന്. ജീവന്‍ നല്‍കിയെന്ന് ചൂണ്ടിക്കാണിക്കാന്‍ ഈ കുഞ്ഞുശരീരത്തില്‍ ദൈവം ബാക്കി വച്ചത് നേരിയൊരു ശ്വാസം മാത്രം. അപകടത്തില്‍ തലച്ചോറിനേറ്റ ക്ഷതമാണ് അവനെ ഇങ്ങനെയാക്കിയത്.
 എട്ടുവര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍, കുഞ്ഞുണ്ടാകുമെന്ന പ്രതീക്ഷ ചികിത്സിച്ച ഡോക്ടര്‍ പോലും കൈവിട്ട സമയത്താണ് ഒരത്ഭുതം പോലെയാണ് ഇര്‍ഫാന്‍ ഷാജഹാന്റെയും സജിനിയുടെയും ജീവിതത്തിലേക്ക് കുഞ്ഞുമാലാഖയായെത്തിയത്്. ശേഷമുള്ള മൂന്നരവര്‍ഷത്തെ സന്തോഷമാണ് ഇന്നൊരു നോവായി ഇവരുടെ കണ്‍മുന്നില്‍ കിടക്കുന്നത്. വിതുരയില്‍ റബര്‍ കച്ചവടമായിരുന്നു ഷാജഹാന്. അവിടെ വാടകവീട്ടില്‍ ഭാര്യയും കുഞ്ഞുമായി ജീവിതം. ഇര്‍ഫാനെ എപ്പോഴും കാണണമെന്ന തന്റെ അച്ഛന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഷാജഹാന്‍ താമസം കുടുംബവീട്ടിലേക്ക് മാറി. ഇര്‍ഫാന് മൂന്ന് വയസ്സ് കഴിഞ്ഞപ്പോള്‍ പേട്ടയിലെ ലിറ്റില്‍ഹാര്‍ട്സ് കിന്റര്‍ഗാര്‍ഡനില്‍ ചേര്‍ത്തു. ബാഗും കുടയുമായി സ്കൂളില്‍ പോകാന്‍ ഒരുപാട് ഇഷ്ടമായിരുന്നു ഇര്‍ഫാന്. വീട്ടിലെ കുസൃതിക്കുടുക്ക സ്കൂളില്‍ സ്കൂളില്‍ അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും കണ്ണിലുണ്ണി.  കുഞ്ഞുവാ തോരാതെ സംസാരിക്കുമായിരുന്നു ഇര്‍ഫാന്‍. കളിപ്പാട്ടങ്ങളെക്കുറിച്ച്, സ്കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്...
 ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലാണ് ഇന്ന് ഇര്‍ഫാന്റെ ജീവിതം. രണ്ട് മണിക്കൂറിടവിട്ട് 50മില്ലി എന്ന കൃത്യമായ അളവില്‍ നല്‍കുന്ന പാല്‍ ആണ് ഭക്ഷണം. വല്ലപ്പോഴും ഓട്സ് പൊടിച്ചു ചേര്‍ക്കുന്ന പാലാണ് കട്ടിയാഹാരം.പിന്നെ പാലിനൊപ്പവും അല്ലാതെയും നല്‍കുന്ന ഒമ്പതു കൂട്ടം മരുന്നുകളും. ഇവയെല്ലാം നല്‍കുന്നതാകട്ടെ വയറ്റിലേക്ക് ഘടിപ്പിച്ച കുഴല്‍ വഴിയും. തീര്‍ന്നില്ല, ആ കുഞ്ഞു ശരീരത്തില്‍ ഇനിയുമുണ്ട് ഒരു കുഴല്‍ കൂടി. ശ്വാസകോശത്തില്‍ നിന്നും നേരെ പുറത്തേക്ക്, കഫം വന്ന് നിറയുമ്പോള്‍ വലിച്ചെടുക്കാനായി.
 അണുബാധയെ ഏറെ പേടിക്കണം ഇര്‍ഫാന്റെ ശരീരത്തിനിപ്പോള്‍. ഒരു ചെറിയ പൊടി പോലും ജീവന്‍ അപകടത്തിലാക്കിയേക്കും. അതിനാല്‍ മുറിക്കുള്ളില്‍ മറ്റാരേയും കടത്തിവിടാറില്ല.  രാവും പകലുമില്ലാതെ ഇര്‍ഫാനരികില്‍ അവന്റെ അച്ഛനുമമ്മയുമുണ്ട്. പരിശീലനം നേടിയ ഒരു ഹോംനഴ്സ് ചെയ്യേണ്ട ജോലിയെല്ലാം കണ്ണിമ വെട്ടാതെ ചെയ്യുകയാണ് അവര്‍. അതിനായി തന്റെ ജോലി ഉപേക്ഷിച്ചു ഷാജഹാന്‍.
 അപകടം നടന്നപ്പോള്‍ കളക്ടര്‍ വന്ന് ആശ്വസിപ്പിച്ചതല്ലാതെ അധികൃതര്‍ ആരും ഇതു വരെയും തിരിഞ്ഞു നോക്കിയിട്ടില്ല. കിംസിലെ മികച്ച ചികിത്സയാണ് ഇവരുടെ ഏക പ്രതീക്ഷ. കിംസ് ആശുപത്രിയില്‍ ഡോ.അശോകിന്റെ നേതൃത്വത്തിലാണ് ഇര്‍ഫാന് ചികിത്സ. എല്ലാ വ്യാഴാഴ്ച്ചയും കിംസില്‍ ഡോക്ടര്‍മാരെ കാണിക്കണം.  എങ്കിലും എല്ലാം ദൈവത്തില്‍ അര്‍പ്പിക്കാന്‍ പറഞ്ഞ് അവന്റെ ജീവന് ഉറപ്പ് തരാതെ ഡോക്ടര്‍മാര്‍ നിസ്സഹരായരായി നില്‍ക്കുമ്പോള്‍ തങ്ങളുടെ കുരുന്നിന് വേണ്ടി ഇനി എന്തു ചെയ്യണമെന്നറിയാതെ കേഴുകയാണ് ഈ വീട്ടുകാര്‍.

കണ്ണീര്‍പ്രാര്‍ഥന... ഇര്‍ഫാനെ തേടി ഞങ്ങളെത്തുമ്പോള്‍ പാര്‍വ്വതീ പുത്തനാറിന്റെ ഓളങ്ങള്‍ ജീവന്‍ കവര്‍ന്ന കുരുന്നുകളുടെ രക്ഷിതാക്കളെല്ലാമുണ്ടായിരുന്നു അവിടെ. ദുരന്തം നടന്നിട്ട് നാല് മാസമാകാറാകുമ്പോഴും ഒന്നും ചെയ്യാതെ കൈ കെട്ടി നിന്ന സര്‍ക്കാറിനോടും ബന്ധപ്പെട്ട അധികാരികളോടും അവര്‍ക്ക് പറയാനുള്ളത് ഒന്നു മാത്രം. ഈയൊരു ഗതി ഇനിയാര്‍ക്കുമുണ്ടാക്കരുത്. ആരെയോ ബോധിപ്പിക്കാനെന്ന വണ്ണം പ്രഖ്യാപിക്കുന്ന ദുരിതാശ്വാസ തുകയ്ക്ക് പുത്തനാറിന്റെ തീരത്ത് കല്‍മതില്‍ കെട്ടാന്‍ പോയിട്ട് ഒരു മുള്ളുവേലി പോലും നിര്‍മ്മിക്കാനാവില്ല. പണമൊഴുക്കാന്‍ കഴിവും സ്വാധീനവുമുള്ള പ്രതികള്‍ രക്ഷപ്പെടാനുള്ള വഴിയന്വേഷിക്കുമ്പോള്‍ തങ്ങളെ വിട്ടു പോയ കുഞ്ഞാറ്റകളെയോര്‍ത്ത് വിതുമ്പാനേ ഇവര്‍ക്ക് കഴിയൂ. സ്മൃതിമണ്ഡപം കെട്ടാനും അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനേയുള്ളു ഇവര്‍ക്ക് മറ്റൊരു ദുരന്തത്തിന് പാര്‍വ്വതി പുത്തനാര്‍ വേദിയാകാതിരിക്കട്ടെ.
 കിന്റര്‍ ഗാര്‍ഡനില്‍ നിന്നും മറ്റ് സ്കൂളുകളിലേക്ക് അഡ്മിഷന്‍ ശരിയായതാണ് മിക്കവരുടേയും. സ്കൂള്‍ തുറക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ ഏവരുടെയും മനസ്സില്‍ വിങ്ങലായി മാറുകയാണ് ഈ കുട്ടികള്‍.
 പാര്‍വ്വതീ പുത്തനാറില്‍  മറ്റെല്ലായിടവും പായല്‍ മൂടിക്കിടക്കുമ്പോള്‍ ദുരന്തക്കയമായയിടം മാത്രം വൃത്തിയാണ്. ആറു കുഞ്ഞുജീവനുകളും അവരുടെ ആയയുടെയും ജീവന്‍ പൊലിഞ്ഞയിടത്തേക്ക് കടന്നുചെല്ലാന്‍ പായല്‍ പോലും മടിക്കുന്നതു പോലെ...

നന്ദി...
നന്ദിയുണ്ട്, വാര്‍ത്ത കണ്ടയുടന്‍ വീട്ടുകാരെ ചെന്നുകണ്ട ആശ്വസിപ്പിച്ച മുഖ്യമന്ത്രിക്കും സംഘത്തിനും.. ഇര്‍ഫാന്റെ ചികിത്സച്ചെലവ് മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പാര്‍വ്വതി പുത്തനാറിന്റെ തീരത്ത് മൂന്നുമാസത്തിനുള്ളില്‍ സംരക്ഷണഭിത്തിയും പുത്തനാര്‍ പായല്‍വിമുക്തമാക്കുമെന്നും നാട്ടുകാര്‍ക്ക് മന്ത്രിയുടെ ഉറപ്പ്

Tuesday, April 26, 2011

മലയാളിമാധ്യമപ്രവര്‍ത്തകരെ പാപ്പരാസികളാക്കിയ താരം

യുവത്വത്തിന്റെ പുതിയമുഖം-പൃഥ്വിരാജ്. യുവജനതയ്ക്ക് കണ്ണുംപൂട്ടി അനുകരിക്കാന്‍ മാന്യതയുടെ പുതിയമുഖവുമായി അവതരിപ്പിച്ചിരിക്കുന്നു. തീയേറ്ററില്‍ എട്ടു നിലയില്‍ പൊട്ടുന്ന തന്റെ സിനിമകളെ ആഗോളതലത്തിലെ ക്ളാസിക് ചലച്ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി, ഘോരഘോരം പ്രസംഗിച്ച് മാധ്യമശ്രദ്ധ മുഴുവന്‍ പിടിച്ചുവാങ്ങുന്ന യുവതാരം മാധ്യമങ്ങളെയും ആരാധകരെയും മുഴുവന്‍ വിഡ്ഢികളാക്കി രഹസ്യവിവാഹം ചെയ്തിരിക്കുന്നു.
    'വരനറിയാതെ വിവാഹം' എന്ന് തലക്കെട്ട് ഇടാമായിരുന്നു വിവാഹത്തിന്റെ തലേദിവസം വരെ ഈ നായകന്റെ പെര്‍ഫോമന്‍സ് കണ്ടാല്‍. തലേദിവസവും പൃഥ്വി എന്നാണ് വിവാഹം എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് എന്റെ വിവാഹമോ ഞാനറിഞ്ഞില്ലല്ലോ എന്നായിരുന്നു സൂപ്പര്‍ ഹീറോയുടെ വാക്കുകള്‍. താന്‍ നിര്‍മ്മിച്ച ഉറുമി എന്ന ബിഗ്ബജറ്റ് ചിത്രം പുറത്തിറങ്ങിയതിന്റെ പിറ്റേദിവസം തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖം പരിപാടി. എല്ലാവരും പ്രതീക്ഷിച്ചിരുന്ന ചോദ്യം. 'പൃഥ്വി ഒരു മാധ്യമപ്രവര്‍ത്തകയുമായി പ്രണയത്തിലാണെന്ന് കേള്‍ക്കുന്നു?' 'എന്റെ പ്രണയമാണ് ഇന്നലെ റിലീസ് ആയത്. ഉറുമിയായിരുന്നു എന്റെ പ്രണയം'. കവിത തുളുമ്പിയ വാക്കുകള്‍ കണ്‍മിഴിച്ച് കേട്ടിരുന്നതില്‍ ഈയുള്ളവളും പെടും. ഹാ! എത്ര മനോഹരമായ മറുപടി. ഉടന്‍ വിവാഹം കാണുമോ? എനിക്കും ഒരു പെണ്‍കുട്ടിയെ കാണാനും പ്രണയിക്കാനും സമയം തരൂ. ടെക്നോപാര്‍ക്കിലെ ആരാധികമാരോടും ആരാധകന്മാരോടും അപേക്ഷ. കേട്ടയുടനെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമൊട്ടിച്ച് പെണ്‍പിള്ളാരെല്ലാം ബയോഡാറ്റ അയക്കുന്നെങ്കില്‍ അയയ്ക്കട്ടെ എന്ന് കരുതിയാണാവോ!
    തിങ്കളാഴ്ച്ച മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ ഒരു റിസോര്‍ട്ടിന്റെ കൊട്ടിയടച്ച വാതിലിനു പുറത്ത് കാവല്‍ നുറുത്തിയിട്ട് യൂത്ത് ഐക്കണ്‍ കേറിയങ്ങ് കെട്ടി. ബി.ബി.സി റിപ്പോര്‍ട്ടര്‍ സുപ്രിയ മേനോന്‍ ആയിരുന്നത്രേ വധു. മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ പാപ്പരാസികളാക്കുന്ന കാഴ്ച്ചയാണ് റിസോര്‍ട്ടിനു മുന്നില്‍ കണ്ടത്. കഥാനായകനും നായികയും പുറത്തിറങ്ങുന്നതും നോക്കി ഒളിഞ്ഞും തെളിഞ്ഞും ഒരു ഫോട്ടോയ്ക്ക് വല്ല സ്കോപ്പുമുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ചിരിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. തലേദിവസം വരെ തന്റെ കല്ല്യാണമാണെന്നറിയാതിരുന്ന താരത്തിന് താലികെട്ടുമ്പോഴെങ്കിലും അത് വിവാഹമായിരുന്നെന്ന് മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കാം. 10നും 1നുമുള്ള സല്‍ക്കാരങ്ങള്‍ കഴിഞ്ഞ് രാജു മീഡിയയെ കാണുന്നുണ്ടത്രേ! എന്തിനാണാവോ? ഞാനറിയാതെ അമ്മ എന്റെ കല്ല്യാണം നടത്തിയെന്ന് പറഞ്ഞ് നിലവിളിക്കാനാവും.അല്ല പിന്നെ!
    വിവാഹവാര്‍ത്തയ്ക്കും ഫോട്ടോയ്ക്കുമായി നാലുകോളം മാറ്റിവച്ച പത്രങ്ങള്‍ക്കെല്ലാം ഇപ്പോഴും പേടി വിട്ടുമാറിയിട്ടില്ല. ഇനിയൊരു ദിവസം ഈ കണ്ടതൊന്നും എന്റെ വിവാഹമല്ലെന്നും പുതിയ സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നെന്നും പറയുമോ താരം എന്നാണ് പേടി! ഇക്കണ്ട നാടകങ്ങളെല്ലാം കഴിയുമ്പോള്‍ അത് സംഭവിച്ചുകൂടായ്കയില്ല.             വിവാഹം രഹസ്യമാക്കിയതെന്തിന് എന്ന ചോദ്യത്തിന് എല്ലാവരും ഊഹിച്ചെടുക്കുന്നത് ഒരേയുത്തരം. 'വിവാഹം മുടക്കികള്‍ ആരെങ്കിലും കയറി പണിതാലോ?' ഹാ!നിങ്ങള്‍ അഭിഷേക് ബച്ചന്റെ കല്ല്യാണത്തിന് കണ്ടില്ലേ? ഒരു പെണ്ണ് വന്ന് ബഹളം വച്ചത്. ഇനി അതല്ല, ഇതറിഞ്ഞ് ഏതെങ്കിലും ആരാധിക ഹൃദയം പൊട്ടി മരിച്ചാലോ... അമ്പമ്പമ്പ... മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഏഴയലത്തെത്താന്‍ താനിനിയും 20 വര്‍ഷം കൂടി കാത്തിരിക്കണമെന്ന് പറഞ്ഞ താരമറിയാന്‍ ഒരു കാര്യം പറയട്ടെ. തന്റെ കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്ത് മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി കെട്ടിയതിന് കൂട്ടുകാരും വീട്ടുകാരുമായിരുന്ന 30 പേരായിരുന്നില്ല സാക്ഷികള്‍. താരത്തെ സ്നേഹിക്കുകയും വളര്‍ത്തുകയും ചെയ്ത പതിനായിരങ്ങളാണ് സാക്ഷിയായത്. അന്നാരും ആ വിവാഹം മുടക്കിയില്ല. ഒരു ആരാധികയും ഹൃദയം പൊട്ടി മരിച്ചില്ല! പ്രണയിച്ചു ഒളിച്ചോടിയവരല്ലാതെ മറ്റെല്ലാ താരങ്ങളും ആ കാര്യത്തില്‍ മാന്യത കാണിച്ചുവെന്നു തന്നെയാണ് എന്റെ അഭിപ്രായം.

Friday, March 18, 2011

ബാല്യത്തിനോര്‍മ്മകള്‍

കൊതിച്ചിടുന്നു ഇന്ന് ഞാന്‍ വീണ്ടും
കടല്‍ക്കരയിലൊന്നു പോകാന്‍ വെറുതെയിരിക്കുവാന്‍...

നുരഞ്ഞുപൊന്തുന്ന പാല്‍
ത്തിരകള്‍ക്കുള്ളിലെന്‍ പാദമൊളിപ്പിച്ചീടാന്‍...
ചക്രവാളത്തിലൊളിക്കുന്ന സൂര്യന്റെ
കണ്ണിലിമചിമ്മാതെ നോക്കിനിന്നീടാന്‍...

തഴുകിവരുന്ന കാറ്റിലെന്‍ ദു:ഖങ്ങളെ
നൂലറ്റ പട്ടങ്ങളാക്കീടാന്‍...
ആകാശനീലിമയ്ക്കിടയില്‍ നിന്നും
പുതുവര്‍ണ്ണങ്ങള്‍ കണ്ടെത്തീടാന്‍...

കൊതിച്ചിടുന്നു ഇന്ന് ഞാന്‍ വീണ്ടും
കടല്‍ക്കരയിലൊന്നു പോകാന്‍
കൊഴിഞ്ഞുപോയ ബാല്യത്തിനോര്‍മ്മകള്‍
തിരയായി കാലില്‍ വാരിപ്പുണര്‍ന്നീടാന്‍...

Thursday, March 17, 2011

എകാന്തത

ഈ ലോകത്തിലെ പലതരം ബഹളങ്ങള്‍ക്കിടയില്‍  ഒരിടത്തു പോലും തന്റെ ശബ്ദമില്ലെന്ന തിരിച്ചറിവാണ് ഒറ്റപ്പെടല്‍. ഒരു ഡോക്ടറായിരുന്നെങ്കില്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളായി ഒരുകൂട്ടം കാര്യങ്ങള്‍ പറഞ്ഞേനേ ഞാന്‍. ചോദ്യങ്ങള്‍ക്ക് മനസ്സറിയാതെ നല്‍കുന്ന ഉത്തരങ്ങള്‍, ആഘോഷങ്ങള്‍ക്കിടയില്‍ ചിരിക്കാന്‍ മറന്നു പോകുന്ന മനസ്സ്, കൂട്ടുകാരോട് പറയാന്‍ വിശേഷങ്ങളില്ലാതെ വരുന്ന ദിനങ്ങള്‍. അമ്മയുടെ ഭക്ഷണത്തില്‍ മാതൃത്വത്തിന്റെ രുചി കണ്ടെത്താനാകാതെ വരിക, ആസ്വദിക്കാന്‍ തക്ക പാട്ടുകളൊന്നും ഇതേവരെ എഴുതപ്പെട്ടിട്ടില്ലേ എന്ന നിരാശ എന്നിങ്ങനെ അക്കമിട്ട് നിരത്താനായി കുറേ ലക്ഷണങ്ങള്‍. ഒറ്റപ്പെടല്‍ അനുഭവിക്കാത്തവര്‍ക്ക്  മനസ്സിന്റെ വിഭ്രാന്തിയെന്നൊക്കെ പറഞ്ഞ് ഇവയെ പുച്ഛിച്ചു തള്ളാം. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഒരെണ്ണമെങ്കിലും അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമെന്നത് കൂട്ടുകാര്‍ക്കിടയില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഞാന്‍ കണ്ടെത്തിയ സത്യം.
    ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാനുള്ളതാണെന്നും മനോഹരമായി ചിരിച്ച് മറ്റുള്ളവര്‍ക്ക് സന്തോഷം പകരണമെന്നൊക്കെ പലരുടെയും ആശംസകള്‍ വരുമ്പോള്‍ സന്തോഷം, ആസ്വാദനം എന്നൊക്കെയുള്ള വാക്കുകളുടെ അര്‍ത്ഥം തിരയുകയാവും മനസ്സ് പലപ്പോഴും. ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതാണോ, ലക്ഷ്യമെന്ന് കരുതിയവ നിനച്ചിരിക്കാതെ ജീവിതത്തില്‍ നേടപ്പെടുന്നതാണോ അതോ ഒരിക്കലും സഫലീകരിക്കാന്‍ സാധിക്കാത്ത ഒരുകൂട്ടം സ്വപ്നങ്ങളെ ലക്ഷ്യമായി കണ്ടതാണോ ഇവയില്‍ ഏതാണ് ഈ ഒറ്റപ്പെടലിനു കാരണം? ഉത്തരം കണ്ടെത്തണമെങ്കില്‍ ചിന്തകള്‍ക്ക് വളരാന്‍ ഇനിയു ഒരുപാട് സമയം വേണ്ടിയിരിക്കുന്നു.

എന്റെ പ്രണയം!

ഒരു കടല്‍ത്തിരയ്ക്കും മായ്ക്കാനാകാത്തത്ര അകലെ
ഞാന്‍ എന്റെ സ്നേഹം കുറിച്ചിടും
ഒരു വണ്ടിനും നുകരാകാത്ത തേനായി ഞാനത് പൂവിനുള്ളില്‍ സൂക്ഷിക്കും
ഒരിക്കലും വറ്റാത്ത ജലാശയത്തില്‍ ഞാനത് തെളിനീരാക്കിടും
ഒരു കവിക്കും ഉപയോഗ്യമല്ലാത്ത വാക്കുകളാല്‍
ഞാന്‍ അത് കവിതയായി കുറിക്കും
ഇതെന്റെ സ്നേഹം...
ഞാന്‍ നിനക്കായി കരുതി വച്ച എന്റെ പ്രണയം!