ഇന്നലെ പെയ്ത പെരുമഴയിൽ നനയാതിരിക്കാൻ ഒരു കടത്തിണ്ണയിൽ കയറി നിന്നപ്പോഴാണ് ആദ്യമായി അവളെന്റെ കണ്ണിൽപ്പെട്ടത്. മഴയിൽ നനയാതിരിക്കാൻ എന്നപോലെ ഒരു വലിയ പെട്ടി തലയ്ക്കു മേൽ പിടിച്ചിരുന്നു. എന്നിട്ടും, ചുവന്ന മാക്സിയിൽ അവളാകെ നനഞ്ഞു കുതിർന്നിരുന്നു. കടയുടമ തീർത്ത ബന്ധനങ്ങളെ മറികടന്ന് ഒഴിഞ്ഞു കിടന്നിരുന്ന ഒരു പീടികത്തിണ്ണയിലേക്ക് അവൾ നൂണ്ടു കയറി. മടിക്കുത്തിൽ വച്ചിരുന്ന ഒരു പൊതിക്കെട്ട് പെട്ടിയുടെ ഓരത്തായി വച്ചു. കെട്ടിനുള്ളിലൂടെ കണ്ട വാഴയിലത്തുണ്ടിൽ നിന്ന് അത് അവൾക്കുള്ള ഭക്ഷണമാണെന്ന് ഞാൻ അനുമാനിച്ചു. മഴയെ കൂസാതെ അവൾ കടയിൽ നിന്നും ഇറങ്ങിപ്പോയി. അപ്പോൾ അവളുടെ മടിക്കുത്തിൽ നിന്ന് വീണ നാണയത്തിലായിരുന്നു എന്റെ കണ്ണുകൾ. കുട്ടിയായിരുന്നപ്പോൾ വീണുകിട്ടിയ അന്പത് പൈസയ്ക്ക് മിട്ടായി വാങ്ങിത്തിന്നത് എന്റെ ഓർമ്മയിൽ വന്നു. ആ നാണയമെടുത്ത് അവളുടെ പെട്ടിയുടെ മേൽ വയ്ക്കണോ വേണ്ടയോ എന്ന് ഞാൻ സംശയിച്ചു നിൽക്കെ പൊട്ടിത്തകർന്ന ഒരു കുടയുമായി അവൾ തിരികെയെത്തി. അവൾ വരുന്പോൾ തന്നെ താഴെയുള്ള നാണയം ഞാൻ ചൂണ്ടിക്കാട്ടിക്കൊടുത്തു. 'എന്നുടെ താൻ' അവൾ തലകുലുക്കി. കടവരാന്തയിൽ എന്നോടൊപ്പം കുഞ്ഞുമൊത്ത് നിന്നിരുന്ന ചേച്ചിയോട് അകത്തു കയറി നിൽക്കുന്നോ എന്നവൾ ചോദിച്ചു. ഇല്ലെന്ന് അവർ തലയാട്ടി. മഴയൊന്ന് ശമിച്ചപ്പോൾ കടത്തിണ്ണയിൽ നിന്നവരെല്ലാം ഇറങ്ങി നടന്നു. വാഹനം വരാൻ കാത്തു നിൽക്കെ ഞാൻ മറ്റൊന്നും ചെയ്യാനില്ലാതെ, അറിയാവുന്ന മുറിത്തമിഴിൽ അവളോടു സംസാരിക്കാൻ തുടങ്ങി. മഴയിൽ നനഞ്ഞ വസ്ത്രം മാറട്ടെ എന്ന് പറഞ്ഞ് അവൾ നനയാത്തൊരു വസ്ത്രം കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് കണ്ടു പിടിച്ചു. വസ്ത്രം മാറാൻ എവിടെ പോകും എന്ന് ഞാൻ ചോദിക്കും മുന്പേ അവൾ തറയിൽ ഇരുന്നിരുന്നു. സ്ത്രീശരീരത്തിന്റെ നഗ്നത കൊത്തിവലിക്കാൻ തയ്യാറായി നിൽക്കുന്ന കഴുകൻ കണ്ണുകളെ കുറിച്ച് ഞാൻ ആവലാതിപ്പെടവേ വസ്ത്രം മാറി അവൾ എഴുന്നേറ്റു കഴിഞ്ഞിരുന്നു.
ചിന്നസേലത്തിലാണ് അവളുടെ വീട്. ഭർത്താവും ഒരു ആൺകുട്ടിയുമുണ്ട്. നവരാത്രിയായതു കൊണ്ട് ഭർത്താവ് കരിന്പ് കൃഷിക്ക് പോയി. കുട്ടിയും നാട്ടിലാണ് . രണ്ടു ദിവസം കഴിഞ്ഞേ അവരെത്തൂ. അതുവരെ റോഡരികിലാണ് കിടപ്പ്. മഴയായതു കൊണ്ട് കടത്തിണ്ണയിലേക്ക് വന്നതാണ്. ഇന്ന് വലിയ ശല്യമൊന്നുമില്ലാതെ ഉറങ്ങാം എന്നവൾ പറഞ്ഞു. പാട്ട (തകര) പെറുക്കലാണ് ജോലി. 100 രൂപ മുതൽ 1000 രൂപ വരെ കിട്ടുന്ന ദിവസങ്ങളുണ്ട്. ഒന്നും കിട്ടാത്ത ദിവസങ്ങളുമുണ്ട്. എല്ലാം യോഗം പോലെ. സംസാരം ഞങ്ങൾക്കിടയിലെ അകലം കുറച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരാളെ പരിചയപ്പെടുന്നതിനുള്ള മര്യാദ ഞാൻ ഓർത്തത്. 'ഉന്നുടെ പേരെന്നാ?'. ഒരു നിമിഷം ആലോചിച്ച്, വെറ്റില മുറുക്കി കറ പിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടു അവൾ പറഞ്ഞു, 'രാജകുമാരി'

No comments:
Post a Comment