Friday, January 21, 2011

ശ്രീകോവിലില്‍ ഹരിശ്രീ കുറിച്ച കാവ്യ ജീവിതം

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുമായുള്ള അഭിമുഖം. ജീവിതത്തില്‍ ആദ്യമായി ഒരു വിശിഷ്ട വ്യക്തിത്വവുമായി നടത്തിയ കൂടിക്കാഴ്ച്ച. എന്റെ കരിയറിയല്‍ മാറ്റം കുറിച്ചതാണ്  അറിവിന്റെ സാഗരവുമായുള്ള ഈ ഇന്റര്‍വ്യൂ. 2009ലെ മൂര്‍ത്തിദേവി പുരസ്കാരം അദ്ദേഹത്തിനായിരുന്നു.

ശ്രീകോവിലില്‍ ഹരിശ്രീ കുറിച്ച കാവ്യ ജീവിതം

'അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകില്‍
വമ്പനാമീശ്വരന്‍ വന്നി-
ട്ടെമ്പാടും നാശമാക്കിടും'

കരിക്കട്ടകൊണ്ട് ആരൊക്കെയോ വരച്ച ചിത്രങ്ങളോട് പ്രതിഷേധിച്ച് ഹരിമംഗലം ക്ഷേത്രത്തിന്‍െറ ശ്രീകോവിലിനു പുറത്ത് എഴുതുമ്പോള്‍ അച്യുതന്‍ നമ്പൂതിരിക്ക് ഏഴര വയസ്. കാവ്യ ലോകത്തില്‍ എഴുപത്താറ് വര്‍ഷം പിന്നിട്ട ആ വ്യക്തി ഇരുപതാം നൂറ്റാണ്ടിന്‍െറ ഇതിഹാസം, ബലിദര്‍ശ്ശനം, നിമിഷ ക്ഷേത്രം, അരങ്ങേറ്റം, ഉപനയനം തുടങ്ങി മലയാള സാഹിത്യ ലോകത്തിനു വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ മലയാളികളുടെ പ്രിയ കവി അക്കിത്തമാണ്. ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ ദര്‍ശിച്ചതിന്‍െറ പുണ്യവുമായി കുമരനല്ലൂര്‍ 'ദേവായന'ത്തിലിരുന്ന് അദ്ദേഹം 'കേരള കൌമുദി'യോട് മനസ്സ് തുറക്കുന്നു.

1. കവിയെന്ന നിലയില്‍ അറിയപ്പെട്ടു തുടങ്ങിയതെങ്ങനെയായിരുന്നു?
ഞാന്‍ അച്ചു എന്നു വിളിക്കുന്ന, പില്‍ക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഡിഫന്‍സ് സെക്രട്ടറിയായി ശോഭിച്ച ഐ. എ. എസ് ഉദ്യോഗസ്ഥനായിരുന്ന ഡോക്ടര്‍ കെ. പി. എ മേനോനാണ് ക്ഷേത്രത്തിലെ ശ്രീകോവിലിന്‍െറ പുറത്ത് ഞാനെഴുതിയ നാലു വരി കണ്ടിട്ട് ഇതു ശ്ളോകമായിട്ടുണ്ടല്ലോ എന്നു പറഞ്ഞത്. സ്വന്തം ഗൃഹത്തില്‍ ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ പിന്നീടൊരു ദിവസം പിഷാരീക്കല്‍ ക്ഷേത്രത്തില്‍ തൊഴുതു വരുന്ന 'വടു' (ഉപനയിക്കപ്പെട്ടവന്‍) പറങ്കിമാങ്ങ (കശുമാങ്ങ) പെറുക്കിത്തിന്നപ്പോള്‍ അതുപൂര്‍വ്വാചാര ധ്വംസനമാകയാല്‍ ഭയചകിതനായി. ഗുരുവായൂരപ്പനോട് മാപ്പു ചോദിക്കുന്ന രീതിയില്‍ അഞ്ചാറു വലിയ ശ്ളോകങ്ങള്‍ മനസില്‍ രൂപം കൊണ്ടു. സ്വഗൃഹത്തിലെത്തി അതെല്ലാം കുറിച്ചിട്ടു. പിന്നീടൊരു ദിവസം അടുത്തൊരു ഗൃഹത്തിലുള്ള വല്ല്യമ്മയെ അതു സ്വകാര്യമായി കാണിച്ചു. "അച്യുതന്‍ കവിയായിരിക്കുന്നു" അവര്‍ ആ വിവരം അമ്മയോടു പറഞ്ഞു. എന്‍െറ അമ്മ നിശബ്ദം കേട്ടു. കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു ചാലുചാലായി കണ്ണീര്‍ കീഴോട്ടൊഴുകി. " ഇതിനു ആയുസുണ്ടായാല്‍ മതിയായിരുന്നു" എന്നാണ് അമ്മ മനസില്‍ പറഞ്ഞതെന്ന് ഊഹിച്ചു.

2. കവിതകളില്‍ എന്നും ഉള്‍പ്പെടുത്താന്‍  ആഗ്രഹിക്കുന്ന വിഷയങ്ങളുണ്ടോ? ഇന്നത്തെ സാമൂഹിക സ്ഥിതിയില്‍ ആവര്‍ത്തിച്ചെഴുതാന്‍ താല്‍പ്പര്യമുള്ള വരികള്‍?
വിഷയം ഇന്നതാവണമെന്ന് അന്നും ഇന്നും ശഠിച്ചിട്ടില്ല. മനസില്‍ ഉണ്ടായ വികാരാനുഭൂതി നിയന്ത്രണത്തിനു വിധേയമല്ലാതെ  പുറത്തേക്കൊഴുകുന്നു എന്നാണ് തോന്നിയിട്ടുള്ളത്.  ഞാനിപ്പോള്‍ 84 കഴിഞ്ഞു.  രോഗാതുരനാണ്. ഇനി എന്തെഴുതുമെന്നറിയില്ല. അനുഭവത്തിന്‍െറ തീക്ഷണതയില്‍ അലിഞ്ഞു ചേരുന്ന ആത്മസത്ത ആര്‍ക്കുണ്ടോ അവന്‍ നിത്യതയുമായി സംവദിക്കുമ്പോള്‍ മഹത്തായ കല  ജനിക്കുന്നു.

3. മലയാള സാഹിത്യത്തില്‍ പ്രത്യേകിച്ചും കവിതകളില്‍ നമ്പൂതിരി സമുദായത്തിന്റേതായ സംഭാവനകള്‍ ഒരുപാടുണ്ട്. സമുദായം സ്വന്തം രചനകളില്‍ വിഷയമായപ്പോഴുണ്ടായ  ഇടപെടലുകള്‍?
അച്ഛനും അമ്മയും ചെയ്യുന്ന തൊഴിലുകള്‍ കുട്ടിക്കാലത്തുതന്നെ കണ്ടുപഠിക്കാന്‍ ഇടവരുന്നവര്‍ അതേ തൊഴിലില്‍ കൂടുതല്‍ വൈദഗ്ദ്ധ്യം സമ്പാദിക്കും എന്നാണ് ചാതുര്‍വര്‍ണ്യം ഉണ്ടാക്കിയവര്‍ വിചാരിച്ചത്. അതിന്‍െറ സല്‍ഫലം ഇന്നുവരെ നിലനിന്നു എന്നായിരിക്കാം നിങ്ങളുടെ ചോദ്യത്തിനു  പിറകിലുള്ള സത്യം. അതെന്തായാലും സാഹിത്യാദി കലകളുടെയൊക്കെ മൌലികത ഈശ്വരചൈതന്യമാണ് എന്നാണ് ഞാന്‍ കവിതകളിലൂടെ പ്രകാശിപ്പിച്ചത് എന്നു തോന്നുന്നു. ഈശ്വരചൈതന്യമെന്നു വച്ചാലോ ആനന്ദം മാത്രമാണത്. ആനന്ദമെന്നു വച്ചാലോ അവനവനെ അല്ലെങ്കില്‍ അവനവളെ  മറക്കല്‍ മാത്രമാണ്. ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു നാമെത്തുന്നത് 'അഹങ്കാരം അരുത്' എന്ന തത്വത്തിലാണ്. 'ഞാന്‍', 'എന്‍െറ' എന്നീ വിചാരങ്ങളില്‍ മതി മറക്കരുത്.
"ഒന്നായ നിന്നയിഹ രണ്ടെന്നു കണ്ടളവില്‍
ഉണ്ടായൊരിണ്ടല്‍ബത മിണ്ടാവതല്ലെടു"
എന്ന് തുഞ്ചെഴുത്തച്ഛന്‍ പാടിയ സത്യത്തിലാണ് നാം അവസാനം എത്തിച്ചേരുന്നത്. സമുദായത്തിന്‍െറ ഇടപെടലുകളൊന്നും സ്വതന്ത്രനായ കവിയെ ബാധിക്കാറില്ല. ആശാന്‍ പാടിയത് ഓര്‍മ്മയുണ്ടല്ലോ
"സ്വാതന്ത്യ്രം തന്നെയമൃതം
സ്വാതന്ത്യ്രം തന്നെ ജീവിതം
പാരതന്ത്യ്രം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം"

4. ബ്രാഹ്മണരല്ലാത്തവര്‍ക്ക് വേദ പഠനം ഏര്‍പ്പെടുത്താന്‍ ഉത്സാഹിച്ചവരില്‍ മുന്നിലാണ് അക്കിത്തം. സവര്‍ണ്ണ സമുദായം ഇത് എങ്ങനെ നോക്കിക്കണ്ടു? നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍?
എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. കേരളത്തിനു പുറത്ത് വേദം ചൊല്ലാന്‍ അബ്രാഹ്മണരെ അനുവദിക്കുന്നില്ല എന്നാണ് അറിവ്. കേരളത്തില്‍ വിശേഷിച്ചും നമ്പൂതിരിമാരുടെ ഇടയില്‍ എതിര്‍പ്പ് ഇല്ലാതായി. ഇപ്പോള്‍ തൃശൂര്‍ ബ്രഹ്മസ്വം മഠം, തിരുന്നാവായ ത്രവനൂര്‍ ബ്രഹ്മസ്വം മഠം, കടവല്ലൂര്‍ അന്യോന്യ സമിതി എന്നിങ്ങനെയുള്ള വേദാലാപന സങ്കേതങ്ങളില്‍ ബ്രാഹ്മണരല്ലാത്തവരെ വേദാലാപനം പഠിപ്പിക്കുന്നുണ്ട്. അതെത്ര വിജയിക്കുന്നുണ്ടെന്ന് പറയാനാകില്ല. ലഘുവായ ഫലമേ ഉള്ളു എന്ന് വരാം. പക്ഷേ, അബ്രാഹ്മണര്‍ക്കും വേദം ചൊല്ലാനുള്ള അധികാരം അംഗീകരിക്കപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ കാര്യം. പൌരാണിക  കാലത്ത് ചാതുര്‍വര്‍ണ്യം ഉണ്ടാകുന്നതിന് മുമ്പ് വേദാലാപനാധികാരം എല്ലാ മനുഷ്യര്‍ക്കുമുണ്ടായിരുന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത്. കാരണം വേദങ്ങളെ നാലായി വിഭജിച്ച വേദവ്യാസന്‍ സ്വജന്മ ബ്രാഹ്മണനായിരുന്നില്ല.

" ബ്രഹ്മര്‍ഷിമാര്‍ മുഖ്യനെ മുക്കുവത്തി
പെറ്റോരു പുണ്യക്ഷിതിമണ്ഡലത്തില്‍
അഹോ മനുഷ്യന്നു മനുഷ്യനോടു
സാമീപ്യ സമ്പര്‍ക്കമധര്‍മ്മമായി"
എന്ന വള്ളത്തോള്‍ കവിത ചൂണ്ടിക്കാണിക്കുന്ന സത്യം അതാണല്ലോ.

5. ഒരു കാലത്ത് കമ്മ്യൂണിസത്തില്‍ അടിയുറച്ച്വിശ്വസിച്ച് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഭിന്ന വിശ്വാസത്തിലാണ് ജീവിതം. ഈ മാറ്റം എങ്ങനെ സംഭവിച്ചു? കമ്മ്യൂണിസത്തിന്‍െറ അടിസ്ഥാന വിശ്വാസത്തിനു സംഭവിച്ച കോട്ടമാണോ അതിനു കാരണം?
കമ്മ്യൂണിസം എന്ന് പറഞ്ഞാലെന്താണ് എന്നാണ് ആദ്യം മനസിലാക്കേണ്ടത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇവ അനുഭവിക്കാനുള്ള ജന്മാവകാശം മനുഷ്യനുണ്ടായിരിക്കണം എന്ന വിശ്വാസമാണ് കമ്മ്യൂണിസമായി വ്യാഖ്യാനിക്കപ്പെട്ടത്. ഋഗ്വേദത്തിലെ 'സമാനോ മന്ത്രസ്സമിതിസ്സമാനീ' എന്നു തുടങ്ങുന്ന ഋക്കുകളാണ് എല്ലാ മനുഷ്യരെയും സമന്മാരായി തുല്യരായി കാണണമെന്ന ചിന്ത എന്നില്‍ ഉദിപ്പിച്ചത്. ഇതില്‍നിന്നാണ് പില്‍ക്കാലത്ത് ഇ. എം. എസ്, അച്യുത മേനോന്‍ എന്നിവരിലൂടെ കാറല്‍മാര്‍ക്സിലെത്തിച്ചേര്‍ന്
നത്. കല്‍ക്കത്ത തീസീസ് എന്ന പേരില്‍ ഇന്ത്യയില്‍ പ്രചരിച്ച  അന്ധമായ അക്രമാസക്തിയെയാണ് ഞാനെതിര്‍ത്തത്. ഇതിന്ന് എന്‍െറ മനസില്‍ പ്രവര്‍ത്തിച്ചത് ഗാന്ധിജിയാണ്. ചെറുപ്പകാലത്ത് മില്‍ത്തുണിയില്‍ ചിരിക്കുന്ന ഗാന്ധിജിയുടെ ചിത്രം കാണാറുണ്ടായിരുന്നു. ആ ചിത്രം ചൂണ്ടിക്കാണിച്ച് അച്ഛന്‍ പറഞ്ഞു തരുമായിരുന്നു "ഇളിച്ചി വായന്‍". ആ ഇളിച്ചി വായനാണ് എന്നെ അഹിംസയിലേക്ക് നയിച്ചത്. വിട്ടു നില്‍ക്കുന്നത് ഇതു കൊണ്ടൊന്നുമല്ല. നിരുപാധികമായ സ്നേഹം ഒരു പാര്‍ട്ടിയിലും ഇല്ല.

6. പുരോഗമന വാദത്തില്‍നിന്ന് ഭക്തിയുടെ മാര്‍ഗത്തില്‍. മനസിലെ പഴയ കമ്മ്യൂണിസ്റ്റുകാരനെ കുറിച്ച്?
പുരോഗമനവാദം, പശ്ചാല്‍ഗമനവാദം എന്നൊക്കെ പറയുന്നതിന് വളരെ പരിമിതമായ അര്‍ത്ഥമേ ഉള്ളൂ. ഇന്ത്യയിലെ മഹര്‍ഷിമാരില്‍ നിന്നുത്ഭവിച്ച ഭൂതാനുകമ്പ-ഭൂതദയ തികച്ചും വ്യത്യസ്തമായ ഒന്നാണ്. എല്ലാ ജീവനാത്മാക്കളോടും സമാനത പാലിക്കുക എന്ന സോഷ്യലിസത്തിന്‍െറ ഏറ്റവും പുരാതനമായ മാതൃകയാണത്. ജാതി, മതം, രാഷ്ട്രീയ പാര്‍ട്ടി എന്നിങ്ങനെ സങ്കുചിത മണ്ഡലങ്ങളില്‍നിന്നുകൊണ്ടുള്ള ചിന്തകളെ മനുഷ്യവര്‍ഗ്ഗം ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. ആഗോള സംസ്കാരം, ഗ്ളോബലൈസേഷന്‍ എന്നൊക്കെ പറയുന്ന പരിതസ്ഥിതി യന്ത്രസംസ്കാരത്തിന്‍െറ ഫലമാണ്. ഈ അവസ്ഥയില്‍ നാം ഋഷിസാധാരണമായ ഉദാത്തത സാര്‍വ്വത്രികമാക്കണം. സനാതനധര്‍മ്മമായിരിക്കണം ഇനിയുള്ള കാലത്ത്  ഭരണഘടന. കാരണം കക്കരുത്, കള്ളം പറയരുത് ഇതൊക്കെ മതാതീത സത്യങ്ങളാണ്.

     7. ഒരര്‍ത്ഥവുമില്ലാതെ എഴുതുന്നതെന്തും കവിതയോ പാട്ടോ ആക്കുന്ന പുത്തന്‍ സംസ്കാരമുണ്ട് ഇന്ന് മലയാള സാഹിത്യത്തില്‍. മലയാള സാഹിത്യത്തിന്‍െറ സുവര്‍ണ്ണ കാലഘട്ടത്തിലെ എഴുത്തുകാരന്‍ എന്ന നിലയില്‍ ഇത്തരം ആധുനിക കവിതകളോടുള്ള സമീപനം എന്താണ്?
ഞാനൊക്കെ പഠിച്ചത് കാളിദാസ കൃതികളില്‍ നിന്നാണ്. അതും വേണ്ടത്ര പഠിക്കാന്‍ കഴിഞ്ഞിട്ടുമില്ല. എന്‍െറ കൃതികളൊക്കെ നശ്വരങ്ങളാണ്. എങ്കിലും
"വാഗാര്‍ത്ഥവിവസംവൃക്തൌ
വാഗാര്‍ത്ഥ പ്രതിപത്തയേ
ജഗത:വിതരൌവന്ദേ
പാര്‍വ്വതീപരമേശ്വരൌ"
എന്ന ശ്ളോകം മറന്നിട്ടില്ല. വാക്കും അര്‍ത്ഥവും കൂടിച്ചേര്‍ന്നല്ലാതെ സാഹിത്യം ഉണ്ടാവുക വയ്യെന്നര്‍ത്ഥം.

8. 84ന്‍െറ നിറവില്‍ മാറി വരുന്ന സംസ്കാരങ്ങളെയും ആധുനികതയെയും എങ്ങനെ നോക്കിക്കാണുന്നു?
ചെറുപ്പക്കാലത്ത് പൊട്ടാസും മനയോലയും വെള്ളാരം കല്ലുകളും ചേര്‍ത്ത് ഏറുപടക്കം കെട്ടിയുണ്ടാക്കി എറിഞ്ഞു പൊട്ടിച്ചു രസിക്കുന്ന കൌമാരത്തില്‍ അമ്മ പറഞ്ഞു. "ഈ പണി നിര്‍ത്തണം. കാരണം എന്‍െറ ഒരു ഏട്ടനുണ്ട്. അദ്ദേഹം ഇതു പോലെ പടക്കമുണ്ടാക്കിക്കളിച്ചിട്ട് കൈപ്പടം നഷ്ടപ്പെട്ടു." അതു കേട്ടതോടെ ഞാന്‍ ആ വിനോദം നിര്‍ത്തി.  കുട്ടിക്കാലത്ത് ഞങ്ങളുണ്ടാക്കിയ ഏറുപടക്കത്തിന്‍െറ ഏറ്റവും ഭീഷണമായ രൂപമാണ് ഇന്നത്തെ ആറ്റം ബോംബും ഹൈഡ്രജന്‍ ബോംബും. 47ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും സഖ്യകക്ഷികളിട്ട ബോംബുകളുടെ ദുഷ്ഫലങ്ങള്‍ ഇന്നും അവിടങ്ങളില്‍ ജീവിച്ചു വരുന്ന ആളുകളെ പൂര്‍ണ്ണമുക്തരാക്കിയിട്ടില്ല. അന്നുമുതല്‍ പന്ത്രണ്ട് രാജ്യങ്ങളില്‍ ഉണ്ടാക്കി വെച്ചിട്ടുള്ള ബോംബുകളില്‍ ഒന്നുപോലും നാമാവശേഷമാക്കാന്‍ ഐക്യരാഷ്ട്ര സമിതിക്ക് ഇതുവരെ കഴിഞ്ഞില്ല എന്ന ദു:ഖമാണ് ഇപ്പോള്‍ എന്‍െറ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത്. എങ്കിലും മഹാത്മജിയുടെ ജന്മദിനത്തെ ഐക്യരാഷ്ട്ര സഭ അഹിംസാ ദിനമായി അംഗീകരിച്ചുവല്ലോ എന്ന് വിചാരിച്ച് ഞാന്‍ മനസിനെ അടക്കി നിര്‍ത്തുന്നു. ആഗോള സംസ്കാരം, ഗ്ളോബലൈസേഷന്‍ എന്നൊക്കെ പറയുന്നത് ഫലവത്താകണമെങ്കില്‍ മനുഷ്യന്‍ നിരുപാധിക സ്നേഹത്തിലേക്കുയരണം. അങ്ങനെ അതിമാനുഷന്‍ ആവണം. അപ്പോള്‍ മാത്രമേ ചന്ദനിലും ചൊവ്വയിലും കോളനി സൃഷ്ടിക്കാന്‍ നമുക്ക് കഴിയൂ. യന്ത്ര പരിഷ്കാരംകൊണ്ടുമാത്രം അതു സാധ്യമല്ല.

9. ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ടതിന്‍െറ അനുഭവത്തില്‍ കഴിഞ്ഞ കാലത്തെ എങ്ങനെ നോക്കി കാണുന്നു?
    കായേന വാചാ മനസേന്ദ്രയൈര്‍വം
    ബുദ്ധ്യാത്മനാവാ പ്രകൃതേസ്യ ഭാവാല്‍
    കരോതിയദ്യല്‍ സകലംവരസ്മൈ
    നാരായണായേതി സമര്‍പ്പയാമി

മേല്‍വിലാസം: അക്കിത്തം
               ദേവായനം
          കുമരനല്ലൂര്‍
          പാലക്കാട്
          679552 

1 comment: