Wednesday, July 27, 2011

കാലം വരുത്തിയ മാറ്റം

'എന്തില്‍ നിന്നും ഒളിച്ചോടാം. പക്ഷേ, സൌഹൃദത്തില്‍ നിന്നൊരിക്കലും പറ്റില്ല'. അങ്ങനെ വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു. സുഹൃത്തുക്കളുടെ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും കഥകള്‍ക്കുമായി വിട്ടുകൊടുത്ത ദിവസങ്ങള്‍. ഭക്ഷണം പോലും ഉപേക്ഷിച്ച് പരദൂഷണത്തിനായി മൊബൈല്‍ഫോണ്‍ ചൂടുപിടിപ്പിച്ച മണിക്കൂറുകള്‍. 'ഇങ്ങനെ പോയാല്‍ നിനക്ക് വല്ല ക്യാന്‍സറും പിടിക്കു'മെന്ന വീട്ടുകാരുടെ പ്രാക്ക് കേട്ടിട്ടും കേള്‍ക്കാത്ത മട്ട് നടിച്ച് "ങാ! എന്നിട്ട്"എന്ന് മറുതലയ്ക്കലുള്ള സുഹൃത്തിനോട് ഉദ്വേഗപൂര്‍വ്വം തിരക്കിയ നിമിഷങ്ങള്‍.
    സൌഹൃദത്തില്‍ നിന്നും ഒളിച്ചോടാമെന്ന് ഇപ്പോള്‍ ഞാനും പഠിച്ചിരിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം കുവൈറ്റില്‍ നിന്നും വിളിച്ച എന്റെ പ്രിയസുഹൃത്തിനോട് 'ജോലിത്തിരക്കാണ്, പിന്നെ വിളിക്കാമോ' എന്ന് ആദ്യമായി ചോദിച്ച ദിവസം... അത് അവളെ എത്രമാത്രം വിഷമിപ്പിച്ചു എന്ന് എനിക്കറിയാം. കാരണം അതുരുവിടാന്‍ ഞാനത്രയേറെ വിഷമിച്ചിരുന്നു. പക്ഷേ, ഇന്ന് ഏത് സുഹൃത്തിനോടും കസ്റ്റമര്‍ കെയര്‍ സെന്ററിലെ പെണ്‍കുട്ടി മനസ്സില്‍ തട്ടാതെ പറയുന്നതു പോലെ എനിക്ക് ആ വാചകം ഉരുവിടാം.. 'അല്പം തിരക്കാണ്. കുറച്ചു കഴിഞ്ഞു വിളിക്കൂ?' ഇന്നലെയും ഞാനത് ആവര്‍ത്തിച്ചിരിക്കുന്നു.
    ഒരു ദിവസം ഒരു മെസ്സേജോ ഫോണ്‍വിളിയോ കണ്ടില്ലെങ്കില്‍ മനസ്സ് നൊന്തിരുന്ന സൌഹൃദങ്ങളുണ്ടായിരുന്നു. ഇന്ന് അവരെക്കുറിച്ച് ഓര്‍ക്കുന്നതു തന്നെ അപൂര്‍വ്വം. ശബ്ദം കേട്ടില്ലെങ്കിലും ഓരോ അരമണിക്കൂറിലും ചെന്ന് കോളോ മെസേജോ വന്നോയെന്ന് കുത്തിനോക്കുന്ന ശീലം ഞാന്‍ എന്നേ കൈവിട്ടു. നിര്‍ത്താതെ സംസാരിക്കാന്‍ ആയിരം വിഷയങ്ങളുണ്ടായിരുന്നു എന്ന് അത്ഭുതമായി മാറി!
    പ്രിയ സ്നേഹിതരേ, നിങ്ങളെ അകറ്റുന്നതല്ല. ഞാന്‍ സ്വയം അകലുന്നതാണ്. ഈ ലോകത്തില്‍ ജീവിച്ചു പോകാന്‍ അത്യാവശ്യം ചില നമ്പറുകള്‍ പഠിക്കാന്‍ വേണ്ടി മാത്രം. നിങ്ങളെ ഞാന്‍ അത്രയേറെ സ്നേഹിക്കുന്നു. സദയം ക്ഷമിക്കുക.

Sunday, May 29, 2011

ദൈവമേ കാക്കണേ ഈ കണ്മണിയെ...

തളര്‍ന്നു കിടക്കുന്ന അവനെ കാണുമ്പോള്‍ കരള്‍ കൊത്തിപ്പിളര്‍ക്കുന്ന വേദനയാണ്  മനസ്സില്‍. ഉള്ളുരുകി ഞാന്‍ പ്രാര്‍ഥിച്ചു, ദൈവമേ ക്രൂരത കാട്ടരുതേ..  ഉള്ളില്‍ നിറഞ്ഞ ആ സുന്ദര മുഖം നോക്കി തേങ്ങി ദൈവമേ  അവനെയൊന്ന് എഴുന്നേല്‍പ്പിച്ചിരുന്നെങ്കില്‍.......

തിരുവനന്തപുരം: ഫെബ്രുവരി 17, രാവിലെ 9.15. എന്നത്തെയും പോലെ അന്നും ഉമ്മ സജിനിയ്ക്ക് മുത്തം നല്‍കി പോയതാണ് കുഞ്ഞ് ഇര്‍ഫാന്‍ സ്കൂളിലേക്ക്. കൂട്ടുകാരുമൊത്ത് ആടിയും പാടിയും പോയ സ്കൂള്‍ വാന്‍ പാര്‍വതീ പുത്തനാറില്‍ മറിഞ്ഞത് വീട്ടില്‍ നിന്നും പുറപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍. വാനിലുണ്ടായിരുന്ന ആറു കുട്ടികളെയും അവരെ ജീവനു തുല്യം സ്നേഹിച്ച ആയയേയും മരണത്തിലേക്ക് കൂട്ടിയ ദൈവം ജീവനു വേണ്ടിയുള്ള ഇര്‍ഫാന്റെ പിടച്ചില്‍ കണ്ടു. ബാപ്പ ഷാജഹാന്റെയും ഉമ്മ സജിനിയുടെയും കണ്ണീര്‍ കണ്ടു.
 കരിക്കകം ദുരന്തം നടന്നിട്ട് ഇന്നേയ്ക്ക് 100 ദിവസം. കരിക്കകം പാര്‍വ്വതി പുത്തനാറിനു സമീപം ഷാജഹാന്റെ സഹോദരന്റെ വീട്ടില്‍ അടച്ചിട്ട മുറിക്കുള്ളില്‍ ഇര്‍ഫാന്‍ ഉണ്ട്. അവന്റെ തുറന്നുവച്ച കണ്ണുകള്‍ക്ക് മുന്നില്‍ കാഴ്ച്ചകളില്ല. പ്രിയപ്പെട്ട ഉമ്മച്ചിയേയോ ബാപ്പച്ചിയേയോ തിരിച്ചറിയില്ല. ഉമ്മച്ചിയുമ്മയുടെ മുത്തേ വിളി അവന്‍ കേള്‍ക്കാറില്ല. വാപ്പുപ്പയുടെ പുറകേയോടാന്‍ അവന്റെ കൈകാലുകള്‍ ചലിക്കാറില്ല. കളിചിരികളോ കൊഞ്ചലോ ഇല്ലാതെ ജീവച്ഛവമാണിന്ന് ഈ കുരുന്ന്. ജീവന്‍ നല്‍കിയെന്ന് ചൂണ്ടിക്കാണിക്കാന്‍ ഈ കുഞ്ഞുശരീരത്തില്‍ ദൈവം ബാക്കി വച്ചത് നേരിയൊരു ശ്വാസം മാത്രം. അപകടത്തില്‍ തലച്ചോറിനേറ്റ ക്ഷതമാണ് അവനെ ഇങ്ങനെയാക്കിയത്.
 എട്ടുവര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍, കുഞ്ഞുണ്ടാകുമെന്ന പ്രതീക്ഷ ചികിത്സിച്ച ഡോക്ടര്‍ പോലും കൈവിട്ട സമയത്താണ് ഒരത്ഭുതം പോലെയാണ് ഇര്‍ഫാന്‍ ഷാജഹാന്റെയും സജിനിയുടെയും ജീവിതത്തിലേക്ക് കുഞ്ഞുമാലാഖയായെത്തിയത്്. ശേഷമുള്ള മൂന്നരവര്‍ഷത്തെ സന്തോഷമാണ് ഇന്നൊരു നോവായി ഇവരുടെ കണ്‍മുന്നില്‍ കിടക്കുന്നത്. വിതുരയില്‍ റബര്‍ കച്ചവടമായിരുന്നു ഷാജഹാന്. അവിടെ വാടകവീട്ടില്‍ ഭാര്യയും കുഞ്ഞുമായി ജീവിതം. ഇര്‍ഫാനെ എപ്പോഴും കാണണമെന്ന തന്റെ അച്ഛന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഷാജഹാന്‍ താമസം കുടുംബവീട്ടിലേക്ക് മാറി. ഇര്‍ഫാന് മൂന്ന് വയസ്സ് കഴിഞ്ഞപ്പോള്‍ പേട്ടയിലെ ലിറ്റില്‍ഹാര്‍ട്സ് കിന്റര്‍ഗാര്‍ഡനില്‍ ചേര്‍ത്തു. ബാഗും കുടയുമായി സ്കൂളില്‍ പോകാന്‍ ഒരുപാട് ഇഷ്ടമായിരുന്നു ഇര്‍ഫാന്. വീട്ടിലെ കുസൃതിക്കുടുക്ക സ്കൂളില്‍ സ്കൂളില്‍ അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും കണ്ണിലുണ്ണി.  കുഞ്ഞുവാ തോരാതെ സംസാരിക്കുമായിരുന്നു ഇര്‍ഫാന്‍. കളിപ്പാട്ടങ്ങളെക്കുറിച്ച്, സ്കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്...
 ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലാണ് ഇന്ന് ഇര്‍ഫാന്റെ ജീവിതം. രണ്ട് മണിക്കൂറിടവിട്ട് 50മില്ലി എന്ന കൃത്യമായ അളവില്‍ നല്‍കുന്ന പാല്‍ ആണ് ഭക്ഷണം. വല്ലപ്പോഴും ഓട്സ് പൊടിച്ചു ചേര്‍ക്കുന്ന പാലാണ് കട്ടിയാഹാരം.പിന്നെ പാലിനൊപ്പവും അല്ലാതെയും നല്‍കുന്ന ഒമ്പതു കൂട്ടം മരുന്നുകളും. ഇവയെല്ലാം നല്‍കുന്നതാകട്ടെ വയറ്റിലേക്ക് ഘടിപ്പിച്ച കുഴല്‍ വഴിയും. തീര്‍ന്നില്ല, ആ കുഞ്ഞു ശരീരത്തില്‍ ഇനിയുമുണ്ട് ഒരു കുഴല്‍ കൂടി. ശ്വാസകോശത്തില്‍ നിന്നും നേരെ പുറത്തേക്ക്, കഫം വന്ന് നിറയുമ്പോള്‍ വലിച്ചെടുക്കാനായി.
 അണുബാധയെ ഏറെ പേടിക്കണം ഇര്‍ഫാന്റെ ശരീരത്തിനിപ്പോള്‍. ഒരു ചെറിയ പൊടി പോലും ജീവന്‍ അപകടത്തിലാക്കിയേക്കും. അതിനാല്‍ മുറിക്കുള്ളില്‍ മറ്റാരേയും കടത്തിവിടാറില്ല.  രാവും പകലുമില്ലാതെ ഇര്‍ഫാനരികില്‍ അവന്റെ അച്ഛനുമമ്മയുമുണ്ട്. പരിശീലനം നേടിയ ഒരു ഹോംനഴ്സ് ചെയ്യേണ്ട ജോലിയെല്ലാം കണ്ണിമ വെട്ടാതെ ചെയ്യുകയാണ് അവര്‍. അതിനായി തന്റെ ജോലി ഉപേക്ഷിച്ചു ഷാജഹാന്‍.
 അപകടം നടന്നപ്പോള്‍ കളക്ടര്‍ വന്ന് ആശ്വസിപ്പിച്ചതല്ലാതെ അധികൃതര്‍ ആരും ഇതു വരെയും തിരിഞ്ഞു നോക്കിയിട്ടില്ല. കിംസിലെ മികച്ച ചികിത്സയാണ് ഇവരുടെ ഏക പ്രതീക്ഷ. കിംസ് ആശുപത്രിയില്‍ ഡോ.അശോകിന്റെ നേതൃത്വത്തിലാണ് ഇര്‍ഫാന് ചികിത്സ. എല്ലാ വ്യാഴാഴ്ച്ചയും കിംസില്‍ ഡോക്ടര്‍മാരെ കാണിക്കണം.  എങ്കിലും എല്ലാം ദൈവത്തില്‍ അര്‍പ്പിക്കാന്‍ പറഞ്ഞ് അവന്റെ ജീവന് ഉറപ്പ് തരാതെ ഡോക്ടര്‍മാര്‍ നിസ്സഹരായരായി നില്‍ക്കുമ്പോള്‍ തങ്ങളുടെ കുരുന്നിന് വേണ്ടി ഇനി എന്തു ചെയ്യണമെന്നറിയാതെ കേഴുകയാണ് ഈ വീട്ടുകാര്‍.

കണ്ണീര്‍പ്രാര്‍ഥന... ഇര്‍ഫാനെ തേടി ഞങ്ങളെത്തുമ്പോള്‍ പാര്‍വ്വതീ പുത്തനാറിന്റെ ഓളങ്ങള്‍ ജീവന്‍ കവര്‍ന്ന കുരുന്നുകളുടെ രക്ഷിതാക്കളെല്ലാമുണ്ടായിരുന്നു അവിടെ. ദുരന്തം നടന്നിട്ട് നാല് മാസമാകാറാകുമ്പോഴും ഒന്നും ചെയ്യാതെ കൈ കെട്ടി നിന്ന സര്‍ക്കാറിനോടും ബന്ധപ്പെട്ട അധികാരികളോടും അവര്‍ക്ക് പറയാനുള്ളത് ഒന്നു മാത്രം. ഈയൊരു ഗതി ഇനിയാര്‍ക്കുമുണ്ടാക്കരുത്. ആരെയോ ബോധിപ്പിക്കാനെന്ന വണ്ണം പ്രഖ്യാപിക്കുന്ന ദുരിതാശ്വാസ തുകയ്ക്ക് പുത്തനാറിന്റെ തീരത്ത് കല്‍മതില്‍ കെട്ടാന്‍ പോയിട്ട് ഒരു മുള്ളുവേലി പോലും നിര്‍മ്മിക്കാനാവില്ല. പണമൊഴുക്കാന്‍ കഴിവും സ്വാധീനവുമുള്ള പ്രതികള്‍ രക്ഷപ്പെടാനുള്ള വഴിയന്വേഷിക്കുമ്പോള്‍ തങ്ങളെ വിട്ടു പോയ കുഞ്ഞാറ്റകളെയോര്‍ത്ത് വിതുമ്പാനേ ഇവര്‍ക്ക് കഴിയൂ. സ്മൃതിമണ്ഡപം കെട്ടാനും അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനേയുള്ളു ഇവര്‍ക്ക് മറ്റൊരു ദുരന്തത്തിന് പാര്‍വ്വതി പുത്തനാര്‍ വേദിയാകാതിരിക്കട്ടെ.
 കിന്റര്‍ ഗാര്‍ഡനില്‍ നിന്നും മറ്റ് സ്കൂളുകളിലേക്ക് അഡ്മിഷന്‍ ശരിയായതാണ് മിക്കവരുടേയും. സ്കൂള്‍ തുറക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ ഏവരുടെയും മനസ്സില്‍ വിങ്ങലായി മാറുകയാണ് ഈ കുട്ടികള്‍.
 പാര്‍വ്വതീ പുത്തനാറില്‍  മറ്റെല്ലായിടവും പായല്‍ മൂടിക്കിടക്കുമ്പോള്‍ ദുരന്തക്കയമായയിടം മാത്രം വൃത്തിയാണ്. ആറു കുഞ്ഞുജീവനുകളും അവരുടെ ആയയുടെയും ജീവന്‍ പൊലിഞ്ഞയിടത്തേക്ക് കടന്നുചെല്ലാന്‍ പായല്‍ പോലും മടിക്കുന്നതു പോലെ...

നന്ദി...
നന്ദിയുണ്ട്, വാര്‍ത്ത കണ്ടയുടന്‍ വീട്ടുകാരെ ചെന്നുകണ്ട ആശ്വസിപ്പിച്ച മുഖ്യമന്ത്രിക്കും സംഘത്തിനും.. ഇര്‍ഫാന്റെ ചികിത്സച്ചെലവ് മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പാര്‍വ്വതി പുത്തനാറിന്റെ തീരത്ത് മൂന്നുമാസത്തിനുള്ളില്‍ സംരക്ഷണഭിത്തിയും പുത്തനാര്‍ പായല്‍വിമുക്തമാക്കുമെന്നും നാട്ടുകാര്‍ക്ക് മന്ത്രിയുടെ ഉറപ്പ്

Tuesday, April 26, 2011

മലയാളിമാധ്യമപ്രവര്‍ത്തകരെ പാപ്പരാസികളാക്കിയ താരം

യുവത്വത്തിന്റെ പുതിയമുഖം-പൃഥ്വിരാജ്. യുവജനതയ്ക്ക് കണ്ണുംപൂട്ടി അനുകരിക്കാന്‍ മാന്യതയുടെ പുതിയമുഖവുമായി അവതരിപ്പിച്ചിരിക്കുന്നു. തീയേറ്ററില്‍ എട്ടു നിലയില്‍ പൊട്ടുന്ന തന്റെ സിനിമകളെ ആഗോളതലത്തിലെ ക്ളാസിക് ചലച്ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി, ഘോരഘോരം പ്രസംഗിച്ച് മാധ്യമശ്രദ്ധ മുഴുവന്‍ പിടിച്ചുവാങ്ങുന്ന യുവതാരം മാധ്യമങ്ങളെയും ആരാധകരെയും മുഴുവന്‍ വിഡ്ഢികളാക്കി രഹസ്യവിവാഹം ചെയ്തിരിക്കുന്നു.
    'വരനറിയാതെ വിവാഹം' എന്ന് തലക്കെട്ട് ഇടാമായിരുന്നു വിവാഹത്തിന്റെ തലേദിവസം വരെ ഈ നായകന്റെ പെര്‍ഫോമന്‍സ് കണ്ടാല്‍. തലേദിവസവും പൃഥ്വി എന്നാണ് വിവാഹം എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് എന്റെ വിവാഹമോ ഞാനറിഞ്ഞില്ലല്ലോ എന്നായിരുന്നു സൂപ്പര്‍ ഹീറോയുടെ വാക്കുകള്‍. താന്‍ നിര്‍മ്മിച്ച ഉറുമി എന്ന ബിഗ്ബജറ്റ് ചിത്രം പുറത്തിറങ്ങിയതിന്റെ പിറ്റേദിവസം തിരുവനന്തപുരത്ത് നടത്തിയ മുഖാമുഖം പരിപാടി. എല്ലാവരും പ്രതീക്ഷിച്ചിരുന്ന ചോദ്യം. 'പൃഥ്വി ഒരു മാധ്യമപ്രവര്‍ത്തകയുമായി പ്രണയത്തിലാണെന്ന് കേള്‍ക്കുന്നു?' 'എന്റെ പ്രണയമാണ് ഇന്നലെ റിലീസ് ആയത്. ഉറുമിയായിരുന്നു എന്റെ പ്രണയം'. കവിത തുളുമ്പിയ വാക്കുകള്‍ കണ്‍മിഴിച്ച് കേട്ടിരുന്നതില്‍ ഈയുള്ളവളും പെടും. ഹാ! എത്ര മനോഹരമായ മറുപടി. ഉടന്‍ വിവാഹം കാണുമോ? എനിക്കും ഒരു പെണ്‍കുട്ടിയെ കാണാനും പ്രണയിക്കാനും സമയം തരൂ. ടെക്നോപാര്‍ക്കിലെ ആരാധികമാരോടും ആരാധകന്മാരോടും അപേക്ഷ. കേട്ടയുടനെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമൊട്ടിച്ച് പെണ്‍പിള്ളാരെല്ലാം ബയോഡാറ്റ അയക്കുന്നെങ്കില്‍ അയയ്ക്കട്ടെ എന്ന് കരുതിയാണാവോ!
    തിങ്കളാഴ്ച്ച മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ ഒരു റിസോര്‍ട്ടിന്റെ കൊട്ടിയടച്ച വാതിലിനു പുറത്ത് കാവല്‍ നുറുത്തിയിട്ട് യൂത്ത് ഐക്കണ്‍ കേറിയങ്ങ് കെട്ടി. ബി.ബി.സി റിപ്പോര്‍ട്ടര്‍ സുപ്രിയ മേനോന്‍ ആയിരുന്നത്രേ വധു. മാധ്യമപ്രവര്‍ത്തകരെ മുഴുവന്‍ പാപ്പരാസികളാക്കുന്ന കാഴ്ച്ചയാണ് റിസോര്‍ട്ടിനു മുന്നില്‍ കണ്ടത്. കഥാനായകനും നായികയും പുറത്തിറങ്ങുന്നതും നോക്കി ഒളിഞ്ഞും തെളിഞ്ഞും ഒരു ഫോട്ടോയ്ക്ക് വല്ല സ്കോപ്പുമുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ചിരിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. തലേദിവസം വരെ തന്റെ കല്ല്യാണമാണെന്നറിയാതിരുന്ന താരത്തിന് താലികെട്ടുമ്പോഴെങ്കിലും അത് വിവാഹമായിരുന്നെന്ന് മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കാം. 10നും 1നുമുള്ള സല്‍ക്കാരങ്ങള്‍ കഴിഞ്ഞ് രാജു മീഡിയയെ കാണുന്നുണ്ടത്രേ! എന്തിനാണാവോ? ഞാനറിയാതെ അമ്മ എന്റെ കല്ല്യാണം നടത്തിയെന്ന് പറഞ്ഞ് നിലവിളിക്കാനാവും.അല്ല പിന്നെ!
    വിവാഹവാര്‍ത്തയ്ക്കും ഫോട്ടോയ്ക്കുമായി നാലുകോളം മാറ്റിവച്ച പത്രങ്ങള്‍ക്കെല്ലാം ഇപ്പോഴും പേടി വിട്ടുമാറിയിട്ടില്ല. ഇനിയൊരു ദിവസം ഈ കണ്ടതൊന്നും എന്റെ വിവാഹമല്ലെന്നും പുതിയ സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നെന്നും പറയുമോ താരം എന്നാണ് പേടി! ഇക്കണ്ട നാടകങ്ങളെല്ലാം കഴിയുമ്പോള്‍ അത് സംഭവിച്ചുകൂടായ്കയില്ല.             വിവാഹം രഹസ്യമാക്കിയതെന്തിന് എന്ന ചോദ്യത്തിന് എല്ലാവരും ഊഹിച്ചെടുക്കുന്നത് ഒരേയുത്തരം. 'വിവാഹം മുടക്കികള്‍ ആരെങ്കിലും കയറി പണിതാലോ?' ഹാ!നിങ്ങള്‍ അഭിഷേക് ബച്ചന്റെ കല്ല്യാണത്തിന് കണ്ടില്ലേ? ഒരു പെണ്ണ് വന്ന് ബഹളം വച്ചത്. ഇനി അതല്ല, ഇതറിഞ്ഞ് ഏതെങ്കിലും ആരാധിക ഹൃദയം പൊട്ടി മരിച്ചാലോ... അമ്പമ്പമ്പ... മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഏഴയലത്തെത്താന്‍ താനിനിയും 20 വര്‍ഷം കൂടി കാത്തിരിക്കണമെന്ന് പറഞ്ഞ താരമറിയാന്‍ ഒരു കാര്യം പറയട്ടെ. തന്റെ കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്ത് മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി കെട്ടിയതിന് കൂട്ടുകാരും വീട്ടുകാരുമായിരുന്ന 30 പേരായിരുന്നില്ല സാക്ഷികള്‍. താരത്തെ സ്നേഹിക്കുകയും വളര്‍ത്തുകയും ചെയ്ത പതിനായിരങ്ങളാണ് സാക്ഷിയായത്. അന്നാരും ആ വിവാഹം മുടക്കിയില്ല. ഒരു ആരാധികയും ഹൃദയം പൊട്ടി മരിച്ചില്ല! പ്രണയിച്ചു ഒളിച്ചോടിയവരല്ലാതെ മറ്റെല്ലാ താരങ്ങളും ആ കാര്യത്തില്‍ മാന്യത കാണിച്ചുവെന്നു തന്നെയാണ് എന്റെ അഭിപ്രായം.

Friday, March 18, 2011

ബാല്യത്തിനോര്‍മ്മകള്‍

കൊതിച്ചിടുന്നു ഇന്ന് ഞാന്‍ വീണ്ടും
കടല്‍ക്കരയിലൊന്നു പോകാന്‍ വെറുതെയിരിക്കുവാന്‍...

നുരഞ്ഞുപൊന്തുന്ന പാല്‍
ത്തിരകള്‍ക്കുള്ളിലെന്‍ പാദമൊളിപ്പിച്ചീടാന്‍...
ചക്രവാളത്തിലൊളിക്കുന്ന സൂര്യന്റെ
കണ്ണിലിമചിമ്മാതെ നോക്കിനിന്നീടാന്‍...

തഴുകിവരുന്ന കാറ്റിലെന്‍ ദു:ഖങ്ങളെ
നൂലറ്റ പട്ടങ്ങളാക്കീടാന്‍...
ആകാശനീലിമയ്ക്കിടയില്‍ നിന്നും
പുതുവര്‍ണ്ണങ്ങള്‍ കണ്ടെത്തീടാന്‍...

കൊതിച്ചിടുന്നു ഇന്ന് ഞാന്‍ വീണ്ടും
കടല്‍ക്കരയിലൊന്നു പോകാന്‍
കൊഴിഞ്ഞുപോയ ബാല്യത്തിനോര്‍മ്മകള്‍
തിരയായി കാലില്‍ വാരിപ്പുണര്‍ന്നീടാന്‍...

Thursday, March 17, 2011

എകാന്തത

ഈ ലോകത്തിലെ പലതരം ബഹളങ്ങള്‍ക്കിടയില്‍  ഒരിടത്തു പോലും തന്റെ ശബ്ദമില്ലെന്ന തിരിച്ചറിവാണ് ഒറ്റപ്പെടല്‍. ഒരു ഡോക്ടറായിരുന്നെങ്കില്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളായി ഒരുകൂട്ടം കാര്യങ്ങള്‍ പറഞ്ഞേനേ ഞാന്‍. ചോദ്യങ്ങള്‍ക്ക് മനസ്സറിയാതെ നല്‍കുന്ന ഉത്തരങ്ങള്‍, ആഘോഷങ്ങള്‍ക്കിടയില്‍ ചിരിക്കാന്‍ മറന്നു പോകുന്ന മനസ്സ്, കൂട്ടുകാരോട് പറയാന്‍ വിശേഷങ്ങളില്ലാതെ വരുന്ന ദിനങ്ങള്‍. അമ്മയുടെ ഭക്ഷണത്തില്‍ മാതൃത്വത്തിന്റെ രുചി കണ്ടെത്താനാകാതെ വരിക, ആസ്വദിക്കാന്‍ തക്ക പാട്ടുകളൊന്നും ഇതേവരെ എഴുതപ്പെട്ടിട്ടില്ലേ എന്ന നിരാശ എന്നിങ്ങനെ അക്കമിട്ട് നിരത്താനായി കുറേ ലക്ഷണങ്ങള്‍. ഒറ്റപ്പെടല്‍ അനുഭവിക്കാത്തവര്‍ക്ക്  മനസ്സിന്റെ വിഭ്രാന്തിയെന്നൊക്കെ പറഞ്ഞ് ഇവയെ പുച്ഛിച്ചു തള്ളാം. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഒരെണ്ണമെങ്കിലും അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമെന്നത് കൂട്ടുകാര്‍ക്കിടയില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഞാന്‍ കണ്ടെത്തിയ സത്യം.
    ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാനുള്ളതാണെന്നും മനോഹരമായി ചിരിച്ച് മറ്റുള്ളവര്‍ക്ക് സന്തോഷം പകരണമെന്നൊക്കെ പലരുടെയും ആശംസകള്‍ വരുമ്പോള്‍ സന്തോഷം, ആസ്വാദനം എന്നൊക്കെയുള്ള വാക്കുകളുടെ അര്‍ത്ഥം തിരയുകയാവും മനസ്സ് പലപ്പോഴും. ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതാണോ, ലക്ഷ്യമെന്ന് കരുതിയവ നിനച്ചിരിക്കാതെ ജീവിതത്തില്‍ നേടപ്പെടുന്നതാണോ അതോ ഒരിക്കലും സഫലീകരിക്കാന്‍ സാധിക്കാത്ത ഒരുകൂട്ടം സ്വപ്നങ്ങളെ ലക്ഷ്യമായി കണ്ടതാണോ ഇവയില്‍ ഏതാണ് ഈ ഒറ്റപ്പെടലിനു കാരണം? ഉത്തരം കണ്ടെത്തണമെങ്കില്‍ ചിന്തകള്‍ക്ക് വളരാന്‍ ഇനിയു ഒരുപാട് സമയം വേണ്ടിയിരിക്കുന്നു.

എന്റെ പ്രണയം!

ഒരു കടല്‍ത്തിരയ്ക്കും മായ്ക്കാനാകാത്തത്ര അകലെ
ഞാന്‍ എന്റെ സ്നേഹം കുറിച്ചിടും
ഒരു വണ്ടിനും നുകരാകാത്ത തേനായി ഞാനത് പൂവിനുള്ളില്‍ സൂക്ഷിക്കും
ഒരിക്കലും വറ്റാത്ത ജലാശയത്തില്‍ ഞാനത് തെളിനീരാക്കിടും
ഒരു കവിക്കും ഉപയോഗ്യമല്ലാത്ത വാക്കുകളാല്‍
ഞാന്‍ അത് കവിതയായി കുറിക്കും
ഇതെന്റെ സ്നേഹം...
ഞാന്‍ നിനക്കായി കരുതി വച്ച എന്റെ പ്രണയം!

Saturday, February 12, 2011

സൌമ്യയ്ക്കായി...

'വിധി'! അപകടം സംഭവിക്കുമ്പോള്‍ പഴിചാരാന്‍ എളുപ്പം കണ്ടുപിടിച്ച വാക്കാണത്. സംഭവിക്കുന്നത് ഒരു ട്രെയിന്‍യാത്രയ്ക്കിടെയാണെങ്കില്‍ ആ വാക്ക് 'അശ്രദ്ധ'യെന്നാക്കും. എട്ടു വര്‍ഷത്തോളം ട്രെയിന്‍ യാത്രക്കാരിയായിരുന്നിട്ടും അപകടങ്ങളെ ഇങ്ങനെ കാണുന്നതായിരുന്നു എന്റെയും ശീലം. കഴിഞ്ഞ ദിവസം ഷൊര്‍ണ്ണൂരില്‍ സൌമ്യ റെയില്‍വേട്രാക്കില്‍ ക്രൂരമായി മാനഭംഗത്തിനിരയാകുന്നതു വരെ! 

Monday, January 24, 2011

തിരിച്ചറിവ്

മനസ്സിലെ വിഗ്രഹങ്ങള്‍ വീണുടയവേ
തിരിച്ചറിഞ്ഞിടുന്നൂ ഞാന്‍ 
ലോകമെന്നത് പൊയ്മുഖങ്ങളുടെ
ഒരു നിലയില്ലാക്കയമെന്ന്...
ഇവിടെ മറ്റൊരു പൊയ്മുഖമാകാന്‍
വിധിക്കപ്പെട്ടവളാണെന്നരിഞു
ജീവിതയാത്ര തുടര്‍ന്നിടുന്നു ഞാന്‍... 

Friday, January 21, 2011

ശ്രീകോവിലില്‍ ഹരിശ്രീ കുറിച്ച കാവ്യ ജീവിതം

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുമായുള്ള അഭിമുഖം. ജീവിതത്തില്‍ ആദ്യമായി ഒരു വിശിഷ്ട വ്യക്തിത്വവുമായി നടത്തിയ കൂടിക്കാഴ്ച്ച. എന്റെ കരിയറിയല്‍ മാറ്റം കുറിച്ചതാണ്  അറിവിന്റെ സാഗരവുമായുള്ള ഈ ഇന്റര്‍വ്യൂ. 2009ലെ മൂര്‍ത്തിദേവി പുരസ്കാരം അദ്ദേഹത്തിനായിരുന്നു.

ശ്രീകോവിലില്‍ ഹരിശ്രീ കുറിച്ച കാവ്യ ജീവിതം

'അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകില്‍
വമ്പനാമീശ്വരന്‍ വന്നി-
ട്ടെമ്പാടും നാശമാക്കിടും'

കരിക്കട്ടകൊണ്ട് ആരൊക്കെയോ വരച്ച ചിത്രങ്ങളോട് പ്രതിഷേധിച്ച് ഹരിമംഗലം ക്ഷേത്രത്തിന്‍െറ ശ്രീകോവിലിനു പുറത്ത് എഴുതുമ്പോള്‍ അച്യുതന്‍ നമ്പൂതിരിക്ക് ഏഴര വയസ്. കാവ്യ ലോകത്തില്‍ എഴുപത്താറ് വര്‍ഷം പിന്നിട്ട ആ വ്യക്തി ഇരുപതാം നൂറ്റാണ്ടിന്‍െറ ഇതിഹാസം, ബലിദര്‍ശ്ശനം, നിമിഷ ക്ഷേത്രം, അരങ്ങേറ്റം, ഉപനയനം തുടങ്ങി മലയാള സാഹിത്യ ലോകത്തിനു വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ മലയാളികളുടെ പ്രിയ കവി അക്കിത്തമാണ്. ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ ദര്‍ശിച്ചതിന്‍െറ പുണ്യവുമായി കുമരനല്ലൂര്‍ 'ദേവായന'ത്തിലിരുന്ന് അദ്ദേഹം 'കേരള കൌമുദി'യോട് മനസ്സ് തുറക്കുന്നു.

1. കവിയെന്ന നിലയില്‍ അറിയപ്പെട്ടു തുടങ്ങിയതെങ്ങനെയായിരുന്നു?
ഞാന്‍ അച്ചു എന്നു വിളിക്കുന്ന, പില്‍ക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഡിഫന്‍സ് സെക്രട്ടറിയായി ശോഭിച്ച ഐ. എ. എസ് ഉദ്യോഗസ്ഥനായിരുന്ന ഡോക്ടര്‍ കെ. പി. എ മേനോനാണ് ക്ഷേത്രത്തിലെ ശ്രീകോവിലിന്‍െറ പുറത്ത് ഞാനെഴുതിയ നാലു വരി കണ്ടിട്ട് ഇതു ശ്ളോകമായിട്ടുണ്ടല്ലോ എന്നു പറഞ്ഞത്. സ്വന്തം ഗൃഹത്തില്‍ ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ പിന്നീടൊരു ദിവസം പിഷാരീക്കല്‍ ക്ഷേത്രത്തില്‍ തൊഴുതു വരുന്ന 'വടു' (ഉപനയിക്കപ്പെട്ടവന്‍) പറങ്കിമാങ്ങ (കശുമാങ്ങ) പെറുക്കിത്തിന്നപ്പോള്‍ അതുപൂര്‍വ്വാചാര ധ്വംസനമാകയാല്‍ ഭയചകിതനായി. ഗുരുവായൂരപ്പനോട് മാപ്പു ചോദിക്കുന്ന രീതിയില്‍ അഞ്ചാറു വലിയ ശ്ളോകങ്ങള്‍ മനസില്‍ രൂപം കൊണ്ടു. സ്വഗൃഹത്തിലെത്തി അതെല്ലാം കുറിച്ചിട്ടു. പിന്നീടൊരു ദിവസം അടുത്തൊരു ഗൃഹത്തിലുള്ള വല്ല്യമ്മയെ അതു സ്വകാര്യമായി കാണിച്ചു. "അച്യുതന്‍ കവിയായിരിക്കുന്നു" അവര്‍ ആ വിവരം അമ്മയോടു പറഞ്ഞു. എന്‍െറ അമ്മ നിശബ്ദം കേട്ടു. കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു ചാലുചാലായി കണ്ണീര്‍ കീഴോട്ടൊഴുകി. " ഇതിനു ആയുസുണ്ടായാല്‍ മതിയായിരുന്നു" എന്നാണ് അമ്മ മനസില്‍ പറഞ്ഞതെന്ന് ഊഹിച്ചു.

2. കവിതകളില്‍ എന്നും ഉള്‍പ്പെടുത്താന്‍  ആഗ്രഹിക്കുന്ന വിഷയങ്ങളുണ്ടോ? ഇന്നത്തെ സാമൂഹിക സ്ഥിതിയില്‍ ആവര്‍ത്തിച്ചെഴുതാന്‍ താല്‍പ്പര്യമുള്ള വരികള്‍?
വിഷയം ഇന്നതാവണമെന്ന് അന്നും ഇന്നും ശഠിച്ചിട്ടില്ല. മനസില്‍ ഉണ്ടായ വികാരാനുഭൂതി നിയന്ത്രണത്തിനു വിധേയമല്ലാതെ  പുറത്തേക്കൊഴുകുന്നു എന്നാണ് തോന്നിയിട്ടുള്ളത്.  ഞാനിപ്പോള്‍ 84 കഴിഞ്ഞു.  രോഗാതുരനാണ്. ഇനി എന്തെഴുതുമെന്നറിയില്ല. അനുഭവത്തിന്‍െറ തീക്ഷണതയില്‍ അലിഞ്ഞു ചേരുന്ന ആത്മസത്ത ആര്‍ക്കുണ്ടോ അവന്‍ നിത്യതയുമായി സംവദിക്കുമ്പോള്‍ മഹത്തായ കല  ജനിക്കുന്നു.

3. മലയാള സാഹിത്യത്തില്‍ പ്രത്യേകിച്ചും കവിതകളില്‍ നമ്പൂതിരി സമുദായത്തിന്റേതായ സംഭാവനകള്‍ ഒരുപാടുണ്ട്. സമുദായം സ്വന്തം രചനകളില്‍ വിഷയമായപ്പോഴുണ്ടായ  ഇടപെടലുകള്‍?
അച്ഛനും അമ്മയും ചെയ്യുന്ന തൊഴിലുകള്‍ കുട്ടിക്കാലത്തുതന്നെ കണ്ടുപഠിക്കാന്‍ ഇടവരുന്നവര്‍ അതേ തൊഴിലില്‍ കൂടുതല്‍ വൈദഗ്ദ്ധ്യം സമ്പാദിക്കും എന്നാണ് ചാതുര്‍വര്‍ണ്യം ഉണ്ടാക്കിയവര്‍ വിചാരിച്ചത്. അതിന്‍െറ സല്‍ഫലം ഇന്നുവരെ നിലനിന്നു എന്നായിരിക്കാം നിങ്ങളുടെ ചോദ്യത്തിനു  പിറകിലുള്ള സത്യം. അതെന്തായാലും സാഹിത്യാദി കലകളുടെയൊക്കെ മൌലികത ഈശ്വരചൈതന്യമാണ് എന്നാണ് ഞാന്‍ കവിതകളിലൂടെ പ്രകാശിപ്പിച്ചത് എന്നു തോന്നുന്നു. ഈശ്വരചൈതന്യമെന്നു വച്ചാലോ ആനന്ദം മാത്രമാണത്. ആനന്ദമെന്നു വച്ചാലോ അവനവനെ അല്ലെങ്കില്‍ അവനവളെ  മറക്കല്‍ മാത്രമാണ്. ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു നാമെത്തുന്നത് 'അഹങ്കാരം അരുത്' എന്ന തത്വത്തിലാണ്. 'ഞാന്‍', 'എന്‍െറ' എന്നീ വിചാരങ്ങളില്‍ മതി മറക്കരുത്.
"ഒന്നായ നിന്നയിഹ രണ്ടെന്നു കണ്ടളവില്‍
ഉണ്ടായൊരിണ്ടല്‍ബത മിണ്ടാവതല്ലെടു"
എന്ന് തുഞ്ചെഴുത്തച്ഛന്‍ പാടിയ സത്യത്തിലാണ് നാം അവസാനം എത്തിച്ചേരുന്നത്. സമുദായത്തിന്‍െറ ഇടപെടലുകളൊന്നും സ്വതന്ത്രനായ കവിയെ ബാധിക്കാറില്ല. ആശാന്‍ പാടിയത് ഓര്‍മ്മയുണ്ടല്ലോ
"സ്വാതന്ത്യ്രം തന്നെയമൃതം
സ്വാതന്ത്യ്രം തന്നെ ജീവിതം
പാരതന്ത്യ്രം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം"

4. ബ്രാഹ്മണരല്ലാത്തവര്‍ക്ക് വേദ പഠനം ഏര്‍പ്പെടുത്താന്‍ ഉത്സാഹിച്ചവരില്‍ മുന്നിലാണ് അക്കിത്തം. സവര്‍ണ്ണ സമുദായം ഇത് എങ്ങനെ നോക്കിക്കണ്ടു? നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍?
എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. കേരളത്തിനു പുറത്ത് വേദം ചൊല്ലാന്‍ അബ്രാഹ്മണരെ അനുവദിക്കുന്നില്ല എന്നാണ് അറിവ്. കേരളത്തില്‍ വിശേഷിച്ചും നമ്പൂതിരിമാരുടെ ഇടയില്‍ എതിര്‍പ്പ് ഇല്ലാതായി. ഇപ്പോള്‍ തൃശൂര്‍ ബ്രഹ്മസ്വം മഠം, തിരുന്നാവായ ത്രവനൂര്‍ ബ്രഹ്മസ്വം മഠം, കടവല്ലൂര്‍ അന്യോന്യ സമിതി എന്നിങ്ങനെയുള്ള വേദാലാപന സങ്കേതങ്ങളില്‍ ബ്രാഹ്മണരല്ലാത്തവരെ വേദാലാപനം പഠിപ്പിക്കുന്നുണ്ട്. അതെത്ര വിജയിക്കുന്നുണ്ടെന്ന് പറയാനാകില്ല. ലഘുവായ ഫലമേ ഉള്ളു എന്ന് വരാം. പക്ഷേ, അബ്രാഹ്മണര്‍ക്കും വേദം ചൊല്ലാനുള്ള അധികാരം അംഗീകരിക്കപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ കാര്യം. പൌരാണിക  കാലത്ത് ചാതുര്‍വര്‍ണ്യം ഉണ്ടാകുന്നതിന് മുമ്പ് വേദാലാപനാധികാരം എല്ലാ മനുഷ്യര്‍ക്കുമുണ്ടായിരുന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത്. കാരണം വേദങ്ങളെ നാലായി വിഭജിച്ച വേദവ്യാസന്‍ സ്വജന്മ ബ്രാഹ്മണനായിരുന്നില്ല.

" ബ്രഹ്മര്‍ഷിമാര്‍ മുഖ്യനെ മുക്കുവത്തി
പെറ്റോരു പുണ്യക്ഷിതിമണ്ഡലത്തില്‍
അഹോ മനുഷ്യന്നു മനുഷ്യനോടു
സാമീപ്യ സമ്പര്‍ക്കമധര്‍മ്മമായി"
എന്ന വള്ളത്തോള്‍ കവിത ചൂണ്ടിക്കാണിക്കുന്ന സത്യം അതാണല്ലോ.

5. ഒരു കാലത്ത് കമ്മ്യൂണിസത്തില്‍ അടിയുറച്ച്വിശ്വസിച്ച് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഭിന്ന വിശ്വാസത്തിലാണ് ജീവിതം. ഈ മാറ്റം എങ്ങനെ സംഭവിച്ചു? കമ്മ്യൂണിസത്തിന്‍െറ അടിസ്ഥാന വിശ്വാസത്തിനു സംഭവിച്ച കോട്ടമാണോ അതിനു കാരണം?
കമ്മ്യൂണിസം എന്ന് പറഞ്ഞാലെന്താണ് എന്നാണ് ആദ്യം മനസിലാക്കേണ്ടത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇവ അനുഭവിക്കാനുള്ള ജന്മാവകാശം മനുഷ്യനുണ്ടായിരിക്കണം എന്ന വിശ്വാസമാണ് കമ്മ്യൂണിസമായി വ്യാഖ്യാനിക്കപ്പെട്ടത്. ഋഗ്വേദത്തിലെ 'സമാനോ മന്ത്രസ്സമിതിസ്സമാനീ' എന്നു തുടങ്ങുന്ന ഋക്കുകളാണ് എല്ലാ മനുഷ്യരെയും സമന്മാരായി തുല്യരായി കാണണമെന്ന ചിന്ത എന്നില്‍ ഉദിപ്പിച്ചത്. ഇതില്‍നിന്നാണ് പില്‍ക്കാലത്ത് ഇ. എം. എസ്, അച്യുത മേനോന്‍ എന്നിവരിലൂടെ കാറല്‍മാര്‍ക്സിലെത്തിച്ചേര്‍ന്
നത്. കല്‍ക്കത്ത തീസീസ് എന്ന പേരില്‍ ഇന്ത്യയില്‍ പ്രചരിച്ച  അന്ധമായ അക്രമാസക്തിയെയാണ് ഞാനെതിര്‍ത്തത്. ഇതിന്ന് എന്‍െറ മനസില്‍ പ്രവര്‍ത്തിച്ചത് ഗാന്ധിജിയാണ്. ചെറുപ്പകാലത്ത് മില്‍ത്തുണിയില്‍ ചിരിക്കുന്ന ഗാന്ധിജിയുടെ ചിത്രം കാണാറുണ്ടായിരുന്നു. ആ ചിത്രം ചൂണ്ടിക്കാണിച്ച് അച്ഛന്‍ പറഞ്ഞു തരുമായിരുന്നു "ഇളിച്ചി വായന്‍". ആ ഇളിച്ചി വായനാണ് എന്നെ അഹിംസയിലേക്ക് നയിച്ചത്. വിട്ടു നില്‍ക്കുന്നത് ഇതു കൊണ്ടൊന്നുമല്ല. നിരുപാധികമായ സ്നേഹം ഒരു പാര്‍ട്ടിയിലും ഇല്ല.

6. പുരോഗമന വാദത്തില്‍നിന്ന് ഭക്തിയുടെ മാര്‍ഗത്തില്‍. മനസിലെ പഴയ കമ്മ്യൂണിസ്റ്റുകാരനെ കുറിച്ച്?
പുരോഗമനവാദം, പശ്ചാല്‍ഗമനവാദം എന്നൊക്കെ പറയുന്നതിന് വളരെ പരിമിതമായ അര്‍ത്ഥമേ ഉള്ളൂ. ഇന്ത്യയിലെ മഹര്‍ഷിമാരില്‍ നിന്നുത്ഭവിച്ച ഭൂതാനുകമ്പ-ഭൂതദയ തികച്ചും വ്യത്യസ്തമായ ഒന്നാണ്. എല്ലാ ജീവനാത്മാക്കളോടും സമാനത പാലിക്കുക എന്ന സോഷ്യലിസത്തിന്‍െറ ഏറ്റവും പുരാതനമായ മാതൃകയാണത്. ജാതി, മതം, രാഷ്ട്രീയ പാര്‍ട്ടി എന്നിങ്ങനെ സങ്കുചിത മണ്ഡലങ്ങളില്‍നിന്നുകൊണ്ടുള്ള ചിന്തകളെ മനുഷ്യവര്‍ഗ്ഗം ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. ആഗോള സംസ്കാരം, ഗ്ളോബലൈസേഷന്‍ എന്നൊക്കെ പറയുന്ന പരിതസ്ഥിതി യന്ത്രസംസ്കാരത്തിന്‍െറ ഫലമാണ്. ഈ അവസ്ഥയില്‍ നാം ഋഷിസാധാരണമായ ഉദാത്തത സാര്‍വ്വത്രികമാക്കണം. സനാതനധര്‍മ്മമായിരിക്കണം ഇനിയുള്ള കാലത്ത്  ഭരണഘടന. കാരണം കക്കരുത്, കള്ളം പറയരുത് ഇതൊക്കെ മതാതീത സത്യങ്ങളാണ്.

     7. ഒരര്‍ത്ഥവുമില്ലാതെ എഴുതുന്നതെന്തും കവിതയോ പാട്ടോ ആക്കുന്ന പുത്തന്‍ സംസ്കാരമുണ്ട് ഇന്ന് മലയാള സാഹിത്യത്തില്‍. മലയാള സാഹിത്യത്തിന്‍െറ സുവര്‍ണ്ണ കാലഘട്ടത്തിലെ എഴുത്തുകാരന്‍ എന്ന നിലയില്‍ ഇത്തരം ആധുനിക കവിതകളോടുള്ള സമീപനം എന്താണ്?
ഞാനൊക്കെ പഠിച്ചത് കാളിദാസ കൃതികളില്‍ നിന്നാണ്. അതും വേണ്ടത്ര പഠിക്കാന്‍ കഴിഞ്ഞിട്ടുമില്ല. എന്‍െറ കൃതികളൊക്കെ നശ്വരങ്ങളാണ്. എങ്കിലും
"വാഗാര്‍ത്ഥവിവസംവൃക്തൌ
വാഗാര്‍ത്ഥ പ്രതിപത്തയേ
ജഗത:വിതരൌവന്ദേ
പാര്‍വ്വതീപരമേശ്വരൌ"
എന്ന ശ്ളോകം മറന്നിട്ടില്ല. വാക്കും അര്‍ത്ഥവും കൂടിച്ചേര്‍ന്നല്ലാതെ സാഹിത്യം ഉണ്ടാവുക വയ്യെന്നര്‍ത്ഥം.

8. 84ന്‍െറ നിറവില്‍ മാറി വരുന്ന സംസ്കാരങ്ങളെയും ആധുനികതയെയും എങ്ങനെ നോക്കിക്കാണുന്നു?
ചെറുപ്പക്കാലത്ത് പൊട്ടാസും മനയോലയും വെള്ളാരം കല്ലുകളും ചേര്‍ത്ത് ഏറുപടക്കം കെട്ടിയുണ്ടാക്കി എറിഞ്ഞു പൊട്ടിച്ചു രസിക്കുന്ന കൌമാരത്തില്‍ അമ്മ പറഞ്ഞു. "ഈ പണി നിര്‍ത്തണം. കാരണം എന്‍െറ ഒരു ഏട്ടനുണ്ട്. അദ്ദേഹം ഇതു പോലെ പടക്കമുണ്ടാക്കിക്കളിച്ചിട്ട് കൈപ്പടം നഷ്ടപ്പെട്ടു." അതു കേട്ടതോടെ ഞാന്‍ ആ വിനോദം നിര്‍ത്തി.  കുട്ടിക്കാലത്ത് ഞങ്ങളുണ്ടാക്കിയ ഏറുപടക്കത്തിന്‍െറ ഏറ്റവും ഭീഷണമായ രൂപമാണ് ഇന്നത്തെ ആറ്റം ബോംബും ഹൈഡ്രജന്‍ ബോംബും. 47ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും സഖ്യകക്ഷികളിട്ട ബോംബുകളുടെ ദുഷ്ഫലങ്ങള്‍ ഇന്നും അവിടങ്ങളില്‍ ജീവിച്ചു വരുന്ന ആളുകളെ പൂര്‍ണ്ണമുക്തരാക്കിയിട്ടില്ല. അന്നുമുതല്‍ പന്ത്രണ്ട് രാജ്യങ്ങളില്‍ ഉണ്ടാക്കി വെച്ചിട്ടുള്ള ബോംബുകളില്‍ ഒന്നുപോലും നാമാവശേഷമാക്കാന്‍ ഐക്യരാഷ്ട്ര സമിതിക്ക് ഇതുവരെ കഴിഞ്ഞില്ല എന്ന ദു:ഖമാണ് ഇപ്പോള്‍ എന്‍െറ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത്. എങ്കിലും മഹാത്മജിയുടെ ജന്മദിനത്തെ ഐക്യരാഷ്ട്ര സഭ അഹിംസാ ദിനമായി അംഗീകരിച്ചുവല്ലോ എന്ന് വിചാരിച്ച് ഞാന്‍ മനസിനെ അടക്കി നിര്‍ത്തുന്നു. ആഗോള സംസ്കാരം, ഗ്ളോബലൈസേഷന്‍ എന്നൊക്കെ പറയുന്നത് ഫലവത്താകണമെങ്കില്‍ മനുഷ്യന്‍ നിരുപാധിക സ്നേഹത്തിലേക്കുയരണം. അങ്ങനെ അതിമാനുഷന്‍ ആവണം. അപ്പോള്‍ മാത്രമേ ചന്ദനിലും ചൊവ്വയിലും കോളനി സൃഷ്ടിക്കാന്‍ നമുക്ക് കഴിയൂ. യന്ത്ര പരിഷ്കാരംകൊണ്ടുമാത്രം അതു സാധ്യമല്ല.

9. ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ടതിന്‍െറ അനുഭവത്തില്‍ കഴിഞ്ഞ കാലത്തെ എങ്ങനെ നോക്കി കാണുന്നു?
    കായേന വാചാ മനസേന്ദ്രയൈര്‍വം
    ബുദ്ധ്യാത്മനാവാ പ്രകൃതേസ്യ ഭാവാല്‍
    കരോതിയദ്യല്‍ സകലംവരസ്മൈ
    നാരായണായേതി സമര്‍പ്പയാമി

മേല്‍വിലാസം: അക്കിത്തം
               ദേവായനം
          കുമരനല്ലൂര്‍
          പാലക്കാട്
          679552 

Thursday, January 20, 2011

അമ്മത്തറവാട്

     ഇത് ചരിത്രത്തിന്‍െറ തായ് വെരുകള്‍ അന്വേഷിച്ചുള്ള യാത്രയല്ല. പക്ഷേ, ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏടുകള്‍ മറിക്കാതിരിക്കാനാകില്ല. പാലക്കാട് ജില്ലയില്‍ ആദിമ ദ്രാവിഡ സംസ്കാരത്തിന്‍െറ ശേഷിപ്പുകള്‍ അവശേഷിക്കപ്പെടുന്ന ആനക്കരയെന്ന ഗ്രാമത്തിലേക്കൊരു യാത്ര. എടപ്പാള്‍ ടൌണില്‍നിന്ന് ഏഴ് കിലോമീറ്റര്‍ പോകണം ആനക്കരയിലെത്താന്‍. ആനക്കരയിലേക്കുള്ള വഴി ചോദിച്ചാല്‍ വടക്കത്ത് വീട്ടിലേക്കാണോ എന്ന മറുചോദ്യം പ്രതീക്ഷിക്കാം നാട്ടുകാരില്‍നിന്ന്.
വടക്കത്ത് പടിയില്‍ ബസിറങ്ങുമ്പോള്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മരവും ഇടവഴിയും കാണാം. ഇരുവശവും മതിലുകളോടുകൂടിയ ആ വഴി എത്തിച്ചേരുന്നത്  ഒത്തിരി തൊടിയുള്ള മൂന്ന് നിലയുള്ള തറവാട്ടു മുറ്റത്തേക്കാണ്. നീലത്താമരയെന്ന മലയാള സിനിമയിലെ 'കിഴക്കുമ്പാട്ട്' തറവാടിന് ജീവന്‍ നല്‍കിയ വടക്കത്ത് വീട് സിനിമാ പ്രേമികള്‍ക്ക് സുപരിചിതമാണ്.
    പക്ഷേ, അങ്ങനെ വെറുമൊരു സിനിമയില്‍ ഒതുക്കാവുന്നതല്ല 'ആനക്കര വടക്കത്ത്' എന്ന വലിയ തറവാടിനെ. അവിടെയാണ് ചരിത്രത്തിന്‍െറ ഏടുകള്‍ മറിയുന്നത്. സ്വാതന്ത്യ്രസമരത്തിന്‍െറ ചരിത്രത്തോളം പഴക്കമുണ്ട് ആനക്കര വടക്കത്ത് വീടെന്ന പേരിന്. സ്വാതന്ത്യ്രസമരത്തിനു മുമ്പും പിമ്പും സ്ത്രീ അബലയല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച  വനിതകള്‍ വടക്കത്ത് വീടിന്‍െറ സംഭാവനയാണ്. എ. വി കുട്ടിമാളു അമ്മയില്‍നിന്ന് തുടങ്ങാം. രണ്ട് മാസം പ്രായമായ കുഞ്ഞിനെ തന്നോടൊപ്പം ജയിലില്‍ കൊണ്ടുപോകാനുള്ള അവകാശം അമ്മയ്ക്കുണ്ടെന്ന് വാദിച്ചു ജയിച്ച കുട്ടിമാളു അമ്മയെ മറക്കാന്‍ മലയാളിക്കാവുന്നതെങ്ങനെ? 1931 ലെ വിദേശ വസ്ത്ര ബഹിഷ്കരണ സമരത്തിലെ നേതാക്കളില്‍ പ്രധാനിയായ അവരില്‍ നിന്നാവും ഒരുപക്ഷേ എ. വി അല്ലെങ്കില്‍  ആനക്കര വടക്കത്ത് എന്ന പേര് മലയാളികള്‍ക്ക് പരിചിതമായിട്ടുണ്ടാകുക. പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും സാമൂഹിക പ്രവര്‍ത്തകയും നെഹ്രുവിന്‍െറ ഭരണകാലത്ത് രാജ്യസഭാംഗവുമായിരുന്ന  അമ്മു സ്വാമിനാഥന്‍, അവരുടെ മക്കളായ ക്യാപ്റ്റന്‍ ലക്ഷ്മിയെന്നറിയപ്പെടുന്ന ലക്ഷ്മി സൈഗള്‍, നര്‍ത്തകിയായ മൃണാളിനി സാരാഭായി ഇവരും വടക്കത്ത് വീടിന്‍െറ സ്വന്തം. തീര്‍ന്നില്ല, ലക്ഷ്മിയുടെ മകള്‍ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റായ സുഭാഷിണി അലി, മൃണാളിനിയുടെ മകള്‍ നര്‍ത്തകിയായ മല്ലിക സാരാഭായി എന്നിങ്ങനെ പോകുന്നു വടക്കത്ത് വീട്ടില്‍നിന്ന് 'പെണ്ണത്തം' വിളിച്ചു പറഞ്ഞ പെണ്ണുങ്ങള്‍.
    നൂറ്റിപ്പതിനാലു വര്‍ഷങ്ങളുടെ പഴക്കമുണ്ട് വടക്കത്ത് വീടിന്. 1896ല്‍ എ.വി കുട്ടിമാളുഅമ്മയുടെ അമ്മാവന്‍ പെരിമ്പിലാവില്‍ ഗോവിന്ദമേനോനാണ് തറവാട് പണി കഴിപ്പിച്ചത്. അദ്ദേഹത്തിന്‍േറയും ഭാര്യ അമ്മുഅമ്മയുടേയും ഏഴു മക്കളില്‍ ഇളയ വളായിരുന്നു അമ്മു സ്വാമിനാഥന്‍. ഗോവിന്ദമേനോന്‍െറ മരണത്തിനു ശേഷം തറവാട് നോക്കി നടത്തിയത് ഇളയമകനായ എ.വി ഗോപാലമേനോനാണ്. അദ്ദേഹത്തിന്‍െറ മകള്‍  തൊണ്ണൂറുകാരിയായ ജി. സുശീലാമ്മയാണ് ഇന്നിവിടെ തറവാട്ടമ്മ. കൂടെ അച്ഛന്‍െറ മൂത്ത സഹോദരന്‍ എ. വി ഗോവിന്ദമേനോന്‍െറ മകന്‍ ജി. ഗോപിനാഥ് മകളുമൊത്ത്താമസിക്കുന്നത് ഇവിടെയാണ്. ഗോവിന്ദമേനോന്‍െറ മകളുടെ മകനായ  ജി. ചന്ദ്രശേഖരനും ഭാര്യ ശാന്തയുമുണ്ട്    ഇവരുടെയൊപ്പം ഈ തറവാട്ടില്‍. അംഗങ്ങള്‍ കുറവാണെങ്കിലും ബന്ധങ്ങള്‍ വെട്ടിമുറിക്കാത്ത കൂട്ടുകുടുംബം എന്നുതന്നെ പറയാം.
   ആനക്കര കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റും ദേശീയ മഹിളാസമാജം പ്രസിഡന്റുമായിരുന്ന സുശീലാമ്മയ്ക്കും പറയാനുണ്ട് സ്വാതന്ത്യ്രസമരത്തിന്‍െറ കഥ. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തതും മൂന്ന്മാസം ജയിലിലടയ്ക്കപ്പെട്ടതും സമരകാലത്തെ പ്രണയത്തിനൊടുവില്‍ വടകര ടി.വി കുഞ്ഞികൃഷ്ണന്‍െറ ജീവിത സഖിയായതുമായ കുറേ കഥകള്‍. പണ്ട് ഏതൊരു നായര്‍ തറവാട്ടിലേയുംപോലെ ഇവിടെയും സ്ത്രീകള്‍ക്കായിരുന്നു അധികാരം. സ്വത്ത് കൈമാറ്റം നടന്നിരുന്നത് താവഴിയായിരുന്നു.  വടക്കത്ത് വീട്ടിലെ സ്ത്രീകളുടെ ചിന്തകള്‍ക്കും ചെയ്തികള്‍ക്കും ആരും വിലക്ക് കല്‍പിച്ചിരുന്നില്ല. വടക്കത്ത് വീടിനു സമീപം കാണുന്ന വീടുകളും കടകളുമുള്ള സ്ഥലങ്ങള്‍ തറവാട്ടുവക    കൃഷിയിടങ്ങളായിരുന്നു. 'കര്‍ഷകബില്ല്' വന്നപ്പോള്‍ പാട്ടത്തിനെടുത്ത കര്‍ഷകരുടെപേര്‍ക്കായി ഭൂമി. അവിടെയെല്ലാം കൃഷി നിലച്ചു വീടുകള്‍ പൊങ്ങി.   തറവാടിന്‍െറ കീഴിലുള്ള അഞ്ച് ഏക്കറില്‍ വാഴയും മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. പടവുകളോടുകൂടിയ കുളവും തറവാടിന്‍േറതായുണ്ട്. തറവാട് നോക്കി നടത്താന്‍    സുശീലാമ്മയെ സഹായിക്കുന്നത് ജി. ഗോപിനാഥിന്‍െറ മകള്‍ ഗീതയാണ്.
    ആനക്കര വടക്കത്ത് എന്ന പേരിന് മുന്നൂറില്‍പരം പിന്‍ഗാമികളുണ്ടെന്ന് കരുതപ്പെടുന്നു. എന്നാല്‍ പെരിമ്പിലാവില്‍ ഗോവിന്ദമേനോന്‍െറയും അമ്മുഅമ്മയുടേയും മക്കളുടെയും അവരുടെ മക്കളുടേയും വേരുകള്‍ തേടി പോയാല്‍ അവകാശികളായി എഴുപതില്‍പരം ആളുകളുണ്ടാകും ആനക്കര വടക്കത്ത് എന്ന ഈ വീടിന്. കേരളത്തിനകത്തും പുറത്തും പലവിധ ഉദ്യോഗങ്ങളുമായി ചിതറി കിടക്കുകയാണ് എല്ലാവരും. എങ്കിലും തിരക്കുകള്‍ക്കിടയിലും ബന്ധം പുതുക്കാനായി ഇടയ്ക്കെങ്കിലും എത്താന്‍ ശ്രമിക്കാറുണ്ട് മിക്കവരും.
    ഇപ്പോഴുള്ളവര്‍ക്കുശേഷം എന്ത് എന്ന ചോദ്യത്തില്‍ നിന്നാണ് തറവാടിന്‍െറ നൂറാം വാര്‍ഷികാഘോഷവേളയില്‍ 'വടക്കത്ത് ട്രസ്റ്റ്' എന്ന ആശയം രൂപം കൊണ്ടത്. ആനക്കര വടക്കത്ത് ഗോവിന്ദരാജന്‍േറയും മരുമകന്‍ എ.വി സുരേഷിന്‍േറയും നേതൃത്വത്തിലുള്ള ട്രസ്റ്റില്‍ വടക്കത്ത് വീടുമായി ബന്ധമുളള എഴുപതോളം പേരും അംഗങ്ങളാണ്.  വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള തറവാട് ഇങ്ങനെ തന്നെ നിലനിറുത്തണമെന്നാണ്  ഇവിടെ താമസിക്കുന്നവരുടെയും മറ്റുള്ളവരുടേയും ആഗ്രഹം. അതിനോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു ട്രസ്റ്റ് കൊണ്ടിവര്‍.
തറവാട്ടിലെ  ചെറുമക്കളില്‍ പലരും സിനിമയില്‍ സജീവമാണ്. സുഭാഷിണി അലിയും മല്ലിക സാരാഭായിയുമടക്കം പലരും. സുഭാഷിണിയുടെ മകന്‍ ഷാദ് അലി സാഥിയ, ബന്‍റി ഓര്‍ ബബ്ളി, ജൂം ബരാബര്‍ ജൂം തുടങ്ങിയ ബോളിവുഡ് സിനിമകളുടെ അറിയപ്പെടുന്ന സംവിധായകനുമാണ്. നീലത്താമര ഹിറ്റായതിനു ശേഷം വീടു കാണാന്‍ വരുന്ന കേരളത്തിലങ്ങോളമിങ്ങോളമുള്ള സിനിമാപ്രേമികളെ പുഞ്ചിരിയോടെ സ്വീകരിക്കുന്നതിന്‍െറ തിരക്കിലാണ് വടക്കത്ത് വീട്. എങ്കിലും ഇനിയൊരു സിനിമയില്‍ അഭിനയിപ്പിക്കാന്‍ തറവാട് വിട്ടു കൊടുക്കുവാന്‍ ഇഷ്ടമില്ല ഇവര്‍ക്ക്.  ഫ്ളാറ്റിനുള്ളിലെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന അണുകുടുംബങ്ങളെ പേറുന്ന കാലം കണ്ണു വയ്ക്കാതിരിക്കട്ടെ തൊടിയും കുളവുമൊക്കെയുള്ള ആനക്കര വടക്കത്ത് വീടെന്ന ഈ അമ്മത്തറവാടിനെ.

സമര്‍പ്പണം

ഇതൊരു
സമര്‍പ്പണമാണ്. ഒരു പുസ്തകം എഴുതുമ്പോള്‍ ഞാന്‍ നന്ദി
പറയാനുദ്ദേശിച്ചവരുടെ ലിസ്റ്റ്. പുസ്തക രചന വിദൂരകാലസ്വപ്നമായതു കൊണ്ട്
ബ്ളോഗില്‍ ആ സമര്‍പ്പണം നടത്തുന്നു.
ഇത് എന്റെ അച്ഛനും അമ്മയ്ക്കും. ഈ ഭൂമിയില്‍ ജനിക്കാനൊരു അവസരം തന്നതിന്,
പെണ്‍കുട്ടിയാണെന്നതിന്റെ പേരില്‍ എന്റെ സ്വാതന്ത്യ്രങ്ങള്‍ക്ക്
വിലങ്ങിടാതിരുന്നതിന്, ഇഷ്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്,...
ഇത് എന്റെ ചേച്ചിക്ക്. എല്ലാ സ്വതന്ത്യ്രങ്ങള്‍ക്കിടയിലും എന്റെമേല്‍
നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിന്, എന്തെങ്കിലും
എഴുതിക്കൊണ്ടിരിക്കാന്‍ പ്രേരിപ്പിച്ചതിന്, കുട്ടിക്കാലത്തെ
വഴക്കിടലുകള്‍ക്ക് ശേഷവും ഇപ്പോഴും നല്ലൊരു ചേച്ചിയായിരിക്കുന്നതിന്,...
ഇത് അപ്പേ എന്ന എന്റെ നല്ല സുഹൃത്തിന്. ഓരോ നിമിഷവും ഓരോ കഥയാണെന്ന്
വാക്കുകളിലൂടെ പറഞ്ഞുതന്നതിന്, എന്റെ കൊച്ചുകൊച്ചു സങ്കടങ്ങളെ
മനസ്സിലാക്കിയതിന്, എന്നില്‍ നല്ലൊരു സുഹൃത്ത് ഉണ്ടെന്ന്
തിരിച്ചറിയിച്ചതിന്, എനിക്കും എഴുതാനറിയാമെന്ന് വിശ്വാസം നല്‍കിയതിന്,...
ഇത് എണ്ണിത്തീര്‍ക്കാനാഗ്രഹിക്കാതെ എല്ലാ കൂട്ടുകാര്‍ക്കും.
ഹോസ്റ്റല്‍മുറികളില്‍ തമാശകളും സന്തോഷങ്ങളും സങ്കടങ്ങളും എന്നോട്
പങ്കിട്ടതിന്, എന്റെ വാചകമടി സഹിച്ചതിന്, എന്റെ കുശുമ്പും പരദൂഷണങ്ങളും
വഴക്കും മുഷിയാതെ കേട്ടിരുന്നതിന്, ഓര്‍മ്മകളൊരുപാട് സമ്മാനിച്ചതിന്...
ഇത് ടെക്നോളജിക്ക്. ലോകത്തെവിടെയും നടക്കുന്ന സംഭവങ്ങള്‍ മുറിക്കുള്ളില്‍
എത്തിക്കുന്ന ടെലിവിഷന്, കൂട്ടുകാരുടെ സന്തോഷങ്ങളും സങ്കടങ്ങളും എന്റെ
കാതിലെത്തിക്കുന്ന മൊബൈല്‍ ഫോണിന്, ഈ കുത്തിക്കുറിക്കുന്നതെല്ലാം
നിങ്ങളുമായി പങ്കിടാന്‍ സഹായിക്കുന്ന കമ്പ്യൂട്ടറിനും ഇന്റര്‍നെറ്റിനും,...